തിരുവനന്തപുരം : സംസ്ഥാനത്ത് പതിമൂവായിരത്തോളം കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഏഴായിരത്തോളം കോവിഡ് മരണം ഔദ്യോഗിക പട്ടികയില്‍നിന്നു പുറത്തായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതോടെ, സംസ്ഥാനമാകെ 13,000 കോവിഡ് മരണം ഔദ്യോഗിക പട്ടികയ്ക്കു പുറത്തായി. ചില തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകള്‍ ലഭിച്ചിട്ടില്ല; മറ്റു ചില സ്ഥലങ്ങളില്‍ ഇന്നലെ വരെയുള്ള കണക്ക് ലഭ്യമായിട്ടില്ല. ഇവയെല്ലാം കൂടി ചേരുമ്പോള്‍ പുറത്തായവരുടെ എണ്ണം ഇനിയും ഉയരും.
ആശുപത്രികളില്‍ നിന്നു തദ്ദേശസ്ഥാപനങ്ങള്‍ക്കു യഥാര്‍ഥ മരണനിരക്കാണു കൈമാറിയിരുന്നത്. ഈ കണക്കു പരിശോധിച്ച സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി പല മരണങ്ങളും കോവിഡിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചു വെന്റിലേറ്ററില്‍ കഴിയവെ മരിച്ചവരെപ്പോലും ഒഴിവാക്കി.
പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം എന്നിവ ഉണ്ടായിരിക്കെ കോവിഡ് ബാധിച്ചു മരിച്ചവരെ മുഴുവന്‍ ഒഴിവാക്കിയെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയില്‍ നിന്ന് ഇവര്‍ ഒഴിവാകും.
പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ മരണസംഖ്യ 1173; തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 2571. മലപ്പുറത്ത് ഔദ്യോഗിക കണക്ക് 1,197; തദ്ദേശസ്ഥാപനങ്ങളില്‍ 2758. തൃശൂരില്‍ ഔദ്യോഗികം 1390; ആരോഗ്യ വിഭാഗത്തിന്റെ മരണപ്പട്ടികയില്‍ തന്നെ 2192 പേരുണ്ട്.
പത്തനംതിട്ടയില്‍ ഔദ്യോഗികം 431; തദ്ദേശ സ്ഥാപന കണക്കനുസരിച്ചു മാത്രം 933 കോവിഡ് മരണമുണ്ട്. കണ്ണൂരില്‍ 850 പേര്‍ മരിച്ചെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോള്‍ 1981 പേരുടെ മരണമാണു തദ്ദേശസ്ഥാപന രേഖകളിലുള്ളത്.