കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ചൊവ്വാഴ്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. ഇന്നു പുലര്‍ച്ചെ 2.35 നായിരുന്നു പരിശുദ്ധ ബാവാ കാലം ചെയ്തത്. രാവിലെ ആറിന് ഭൗതിക ശരീരം പരുമല പള്ളിയിലെത്തിക്കും. ഏഴിന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് ഏഴ് വരെ പരുമല പള്ളിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.
ഏഴിന് വിടവാങ്ങല്‍ പ്രാര്‍ഥനയ്ക്കു ശേഷം എട്ടു മണിയോടെ കാവുംഭാഗം മുത്തൂര്‍ ചങ്ങനാശേരി വഴി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി ഭൗതികശരീരം കൊണ്ടുപോകും. രാത്രി ഒന്‍പതോടെ ദേവലോകത്തെത്തിച്ച് അരമന ചാപ്പലില്‍ പ്രാര്‍ഥനയ്ക്കു ശേഷം പൊതുദര്‍ശനമുണ്ടാകും.
ചൊവ്വാ രാവിലെ ആറിന് കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കുര്‍ബാനയ്ക്കു ശേഷം എട്ടു മണിയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും.
കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്‍റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്‍റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്കാരം നടത്തും.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തില്‍ കൊള്ളന്നൂര്‍ ഐപ്പിന്റെയും പുലിക്കോട്ടില്‍ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്.
പഴഞ്ഞി ഗവ. ഹൈസ്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്ന അദ്ദേഹം തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍നിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂണ്‍ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.
1982 ഡിസംബര്‍ 28നു കൂടിയ മലങ്കര അസോസിയേഷന്‍ മേല്‍പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ 1985 മേയ് 15നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി വാഴിച്ചു.
തുടര്‍ന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്‌ടോബര്‍ 12ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പരുമല സെമിനാരി ചാപ്പലില്‍ 2010 നവംബര്‍ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു.
![](https://nerkazhcha.online/wp-content/uploads/2021/07/bava_3.jpg)