പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വാക്‌സിനേറ്റ് ചെയ്യപ്പെടുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നതനുസരിച്ച് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതായി സിഡിസി അറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായ നാലാംദിനം ഇരുപതിനായിരം കോവിഡ് 19 കേസുകള്‍ കവിഞ്ഞതായി വെള്ളിയാഴ്ച പുറത്തുവിട്ട ഡേറ്റയില്‍ കാണുന്നു.
മാരക വ്യാപനശേഷിയുള്ള ഡെല്‍റ്റ വേരിയന്റ് വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നതായി അധികൃതര്‍ പറയുന്നു. തുടര്‍ച്ചയായി നാലാം ദിവസം ഇരുപതിനായിരം കോവിഡ് കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മെയ് മാസത്തിലായിരുന്നു.
അമേരിക്കയിലെ വിവിധ കൗണ്ടികളില്‍ താമസിക്കുന്നവരില്‍ വാക്‌സിനേഷന്‍ റേറ്റ് നാല്‍പ്പതു ശതമാനത്തില്‍ താഴെയാണെന്നു ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധ്യക്ഷ ഡോ. റോഷ്‌ലി വന്‍സ്‌കൈ പറഞ്ഞു. ഈ കൗണ്ടികളിലാണ് കൂടുതല്‍ ഡെല്‍റ്റാ വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും റോഷ്‌ലി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷന്‍ ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗച്ചിയും ഡല്‍റ്റാ വേരിയന്റിന്റെ വ്യാപനം അതീവ ഗൗരവമാണെന്നു ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനാവില്ല. വാക്‌സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്നും, വാക്‌സിനേഷന്‍ സ്വീകരിക്കാതെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അമേരിക്കയില്‍ ഇതുവരെ 47.9 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തിട്ടുള്ളതെന്നും, ഇരുപത് സംസ്ഥാനങ്ങളില്‍ അമ്പത് ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ഫൗച്ചി പറഞ്ഞു.