തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനെ ചൊല്ലി സഭയില്‍ ബഹളം.
കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യം നിയമസഭയ്ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ബഹളമുണ്ടായത്.
വിഷയം സംസ്ഥാനത്തിന്റെ അധികാരത്തില്‍ പെടാത്ത വിഷയമാണെന്ന് മന്ത്രി പി. രാജീവ് ക്രമപ്രശ്നം ഉന്നയിച്ചു.
സര്‍ക്കാരിനു വിഷയം ചര്‍ച്ച ചെയ്യാന്‍ ഭയമാണെന്നും, മടിയില്‍ കനമില്ലെന്നുള്ള ബോര്‍ഡ് എഴുതി വെച്ചിട്ടു കാര്യമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
ഗൗരവമേറിയ വിഷയമാണ് സംസ്ഥാനത്ത് നടന്നതെന്നും അത് ചര്‍ച്ചചെയ്യാതെ നാടകമാണ് നടത്തിയതെന്നും ആര്‍ക്കുവേണ്ടി സ്വര്‍ണം കൊണ്ടുവന്നുവെന്നതിന് മറുപടിയില്ലാത്തതിനാലാണ് നാടകമെന്നും ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
സഭയില്‍ ചര്‍ച്ചചെയ്തില്ലെങ്കിലും വിഷയം പുറത്ത് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.