തിരുവനന്തപുരം: അരുവിക്കരയില്‍ നവവധു രേഷ്മ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത് ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലെന്ന് നിഗമനം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു മരിച്ചത്.
ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നെന്ന സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
സംഭവം നടക്കുമ്പോള്‍ അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിയിരുന്നില്ല. അക്ഷയ് രാജ് പുറത്തുപോയ സമയത്താണ് കിടപ്പുമുറിയിലെ ഫാനില്‍ രേഷ്മ തൂങ്ങിമരിച്ചത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
അരുവിക്കര മുളിലവിന്‍മൂട് സ്വദേശിയായ അക്ഷയ് രാജുമായി ജൂണ്‍ 12നായിരുന്നു രേഷ്മയുടെ വിവാഹം. സംശയാസ്പദമായ ഒന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.