കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവര്‍ അടക്കം 8 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ഇവര്‍ക്ക് ജയില്‍ മോചിതരാകാം.
കുറ്റപത്രത്തില്‍ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നു പറയാനാവില്ലെന്നു െഹെക്കോടതി പറഞ്ഞു.
എന്നാല്‍ ഇത് പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തലുകളാണെന്നും യുഎപിഎ വ്യവസ്ഥകള്‍ പൂര്‍ണമായും ബാധകമല്ലെന്ന് അര്‍ഥമില്ലെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷാഫി, എ.എം. ജലാല്‍, റബിന്‍സ്, കെ.ടി. റമീസ്, കെ.ടി.ഷറഫുദ്ദീന്‍, മുഹമ്മദ് അലി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ഭദ്രതയ്ക്കും പ്രതികള്‍ ക്ഷതമുണ്ടാക്കിയെന്നും തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നുമുള്ള ആരോപണങ്ങളും വസ്തുതകളും കുറ്റപത്രത്തില്‍ വിവരിച്ചെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) 15 (എ) പ്രകാരമുള്ള അത്തരത്തിലുള്ള പ്രവൃത്തി ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ കാണാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
25 ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലുമാണു പ്രതികള്‍ക്കു ജാമ്യം. തുടര്‍ ഉത്തരവുണ്ടാകുന്നതു വരെ എല്ലാ ഞായറാഴ്ചയും പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ (എസ്എച്ച്ഒ) മുന്നില്‍ രാവിലെ 10നും 11നും ഇടയ്ക്ക് ഹാജരാകണം. പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ പ്രത്യേക കോടതിയില്‍ നല്‍കണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനത്തിനു പുറത്തുപോകരുത്.