ന്യൂയോർക്ക്: നിര്‍മിതബുദ്ധി (എ.ഐ)യുടെ വളര്‍ച്ച ലോകമെങ്ങുമുള്ള സര്‍വകലാശാലകളെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരിക്കില്ലെന്ന് എ.ഐയുടെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന നൊബേല്‍ ജേതാവായ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍. ഇന്നത്തെ അധ്യാപകര്‍ക്ക് സാധിക്കാത്തത് പലതും എ.ഐ അധ്യാപകര്‍ക്ക് സാധ്യമാകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
ഓരോ വിദ്യാര്‍ഥിയുടെയും ന്യൂനതകള്‍ വ്യക്തമായി മനസിലാക്കി പ്രത്യേകം തയ്യാറാക്കിയ പാഠങ്ങള്‍ ഓരോരുത്തരെയും പഠിപ്പിക്കാന്‍ എ.ഐ ട്യൂട്ടര്‍മാര്‍ക്ക് കഴിയും. വരുന്ന ദശാബ്ദത്തില്‍തന്നെ അധ്യാപകരുടെ റോള്‍ നിര്‍മിതബുദ്ധി ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. നിലവില്‍ അധ്യാപന രംഗത്ത് എ.ഐ സാധ്യതകള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നില്ല. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനിടെ ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകാം. ഒരു കുട്ടിയെ പഠിപ്പിക്കുന്ന സാഹചര്യത്തില്‍, എന്തെങ്കിലും കാര്യങ്ങള്‍ കുട്ടി തെറ്റായി ഗ്രഹിക്കുകയാണെങ്കില്‍ എ.ഐക്ക് അത് വളരെവേഗം തിരിച്ചറിയാന്‍ കഴിയും. ലക്ഷക്കണക്കിന് കുട്ടികളില്‍നിന്നുള്ള പ്രതികരണങ്ങള്‍ എ.ഐക്ക് ലഭിക്കുന്നതിനാല്‍ അത് അനായാസം സാധ്യമാകും.
ഒരു കുട്ടിക്ക് പ്രൈവറ്റ് ട്യൂട്ടര്‍ രണ്ട് മടങ്ങ് പ്രയോജനകരമാണെങ്കില്‍, എ.ഐ ട്യൂട്ടര്‍ മൂന്നോ നാലോ മടങ്ങ് ഗുണകരമായിരിക്കും. സര്‍വകലാശാലകളുടെ ഭാവിക്ക് എ.ഐ അത്ര നല്ലതല്ലെങ്കിലും പഠിതാക്കളെ സംബന്ധിച്ചിടത്തോളം അത് ഏറെ പ്രയോജനകരമായിരിക്കും. ഇതോടെ സര്‍വകലാശാലകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ അവയുടെ അന്ത്യത്തിന് എ.ഐ നിമിത്തമാകില്ല. ഗവേഷണത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലകള്‍ മാറുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത 30 വര്‍ഷംകൊണ്ട് നിര്‍മിതബുദ്ധി (എ.ഐ.) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്നാണ് ബ്രിട്ടീഷ്-കനേഡിയന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍ നേരത്തെതന്നെ പ്രവചിച്ചിട്ടുള്ളത്. ഐ.ഐ. സാങ്കേതികവിദ്യയിലെ മാറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ഭൗതികശാസ്ത്ര നൊബേല്‍ ജേതാവുകൂടിയായ ഹിന്റണ്‍ പറഞ്ഞിരുന്നു. അടുത്ത മൂന്ന് ദശകത്തിനുള്ളില്‍ എ.ഐ., മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാന്‍ 10 മുതല്‍ 20 ശതമാനംവരെ സാധ്യതയുണ്ട്. ഐ.ഐ. പോലെ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള മറ്റൊന്നിനെയും മുന്‍പ് നമുക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ലെന്നും ഹിന്റണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിര്‍മിതബുദ്ധിയുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഗൂഗിളില്‍നിന്ന് രാജിവെച്ചതോടെ ഹിന്റണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മനുഷ്യനെക്കാള്‍ ബുദ്ധികൂര്‍മതയുള്ള എ.ഐ. സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത് മനുഷ്യരാശിയുടെ നിലനില്‍പിന് ഭീഷണിയാണെന്നാണ് എ.ഐ.യ്‌ക്കെതിരേയുള്ള പ്രചാരകരുടെ വാദം.