Friday, September 13, 2024

HomeScience and Technologyഇറാന്റെ യുദ്ധക്കപ്പല്‍ തീപിടിച്ച് മുങ്ങി, യാത്രക്കാര്‍ സുരക്ഷിതര്‍, പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

ഇറാന്റെ യുദ്ധക്കപ്പല്‍ തീപിടിച്ച് മുങ്ങി, യാത്രക്കാര്‍ സുരക്ഷിതര്‍, പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

spot_img
spot_img

ഇറാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ നടുക്കടലില്‍ തീപിടിച്ച് മുങ്ങി. ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം സംഭവിച്ചത്. എന്നാല്‍ ദുരന്തത്തിനു കാരണമെന്താണെന്ന് വ്യക്തമല്ല. പ്രദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപിടിച്ചത്. കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കപ്പല്‍ മുങ്ങാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു എന്നാണ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഒമാന്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഇറാനിയന്‍ തുറമുഖമായ ജാസ്കിന് സമീപമാണ് ദുരന്തം സംഭവിച്ചത്. നാവികസേനയുടെ ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഇതേ ഭാഗത്ത് മറ്റൊരു യുദ്ധക്കപ്പല്‍ ഇറാന്റെ തന്നെ മിസൈല്‍ വീണു തകര്‍ന്നിരുന്നു. പരിശീലനത്തിനിടെ ഉണ്ടായ അന്നത്തെ അപകടത്തില്‍ 19 പേരാണ് മരിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

അതേസമയം, ആഴ്ചകള്‍ക്ക് മുന്‍പ് ചെങ്കടലില്‍ നങ്കൂരമിട്ട ഇറാന്റെ ചരക്കുകപ്പലില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. ബോംബാക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി യെമനിനോട് ചേര്‍ന്ന ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനു നേരെയാണ് അന്ന് ആക്രമണം നടന്നത്. ഈ കപ്പലിനെതിരെ നേരത്തെയും വിവാദങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, തങ്ങളുടെ ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇസ്രയേലിന്റെ ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആക്രമിക്കപ്പെട്ടത് ചരക്കുകപ്പലാണെന്ന് ഇറാന്‍ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇത് സൈനികര്‍ ഉപയോഗിക്കുന്ന കപ്പലാണെന്നും ഈ പ്രദേശത്തു കൂടി പോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനും മറ്റ് രഹസ്യ നീക്കങ്ങള്‍ക്കുമായി ഇറാന്‍ ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം, ഇറാനും അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളും തമ്മില്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സമയത്താണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഇറാനുമായുള്ള ആണവ കരാറില്‍ ഇസ്രയേലിന് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments