രാജ്യത്തെ ഓണ്‍ലൈന്‍ ഓഫര്‍ വില്‍പനകള്‍ക്ക് നിയന്ത്രണം ശക്തമാക്കുന്നു. ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളുടെ ഓഫര്‍ വില്‍പനകള്‍ക്ക് പൂട്ടിടാനാണ് കേന്ദ്രം നീക്കം നടത്തുന്നത്. വിപണിയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
അമിതമായ ഡിസ്കൗണ്ടുകള്‍ക്ക് പുറമെ എക്സ്ക്ലൂസീവ്് ബ്രാന്‍ഡ് ലോഞ്ചുകള്‍, അതത് പ്ലാറ്റ്ഫോമുകളില്‍ തിരഞ്ഞെടുത്ത മൊബൈല്‍ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങള്‍ വന്നേക്കും.
ഫ്‌ളാഷ് സെയിലിനു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകളോടെയാണ് ഇകൊമേഴ്‌സ് വിപണിക്കായി കരടുചട്ടങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇകൊമേഴ്‌സ് സംരംഭങ്ങള്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് തുടങ്ങിയ ഇകൊമേഴ്‌സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരില്‍ കോംപറ്റീഷന്‍ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് ചട്ടങ്ങള്‍ ഭേദഗതി െചയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം. കരടുചട്ടങ്ങള്‍ക്ക് അടുത്ത മാസം 6 വരെ ഭേദഗതികള്‍ നിര്‍ദേശിക്കാം.
നിര്‍ദേശിച്ചിട്ടുള്ള ചില ഭേദഗതികള്‍:
വിലക്കിഴിവ് ഉറപ്പാക്കുന്ന, നിശ്ചിത ഇടവേളകളിലെ ഫ്‌ലാഷ് സെയില്‍ നിരോധിക്കില്ല. എന്നാല്‍, അപ്രായോഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതും ചില പ്രത്യേക ഉല്‍പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതുമായ തുടര്‍ ഫ്‌ലാഷ് സെയിലുകള്‍ അനുവദിക്കില്ല.
ഉല്‍പന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സമാനമായ ആഭ്യന്തര ഉല്‍പന്നങ്ങളുണ്ടെങ്കില്‍ അവയുടെ വിവരങ്ങളും ലഭ്യമാക്കണം.
വില്‍പനക്കാരുടെ അനാസ്ഥ മൂലം സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇകൊമേഴ്‌സ് സംരംഭത്തിന് ഉത്തരവാദിത്തം. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതിനു നിരോധനം. ഉല്‍പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം.