മുംബൈ; ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പുരുഷ വനിതാ ടീമുകള്‍ ഒരുമിച്ച്, ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നു. അടുത്തുതന്നെ ഇംഗ്ലണ്ടിലേക്കാണ് ഇരുടീമുകളുടെയും കളിക്കാര്‍ ഒരുമിച്ച് യാത്ര ചെയ്യുക.
വിരാട് കോലി നയിക്കുന്നപുരുഷ ടീം ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമാണ് കളിക്കുക. അതേസമയം മിതാലി രാജിന്റെ കീഴില്‍ വനിതാ ടീമാവട്ടെ ഇംഗ്ലണ്ടുമായി മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും. ജൂണ്‍ രണ്ടിനായിരിക്കും മുംബൈയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് പോകുക.
ഇരു ടീമുകളും ഇംഗ്ലണ്ടിലെത്തിയ ശേഷം അവിടെ ഒരാഴ്ച നിരീക്ഷത്തില്‍ കഴിയും. പിന്നാലെയായിരിക്കും പരിശീലനം ആരംഭിക്കുക. നിലവില്‍ യാത്രയ്ക്ക് മുന്നോടിയായി മുംബൈയിലെ ബയോ ബബ്‌ളിനൊപ്പം ചേരുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബി.സി.സി.ഐ ഒരുക്കിയിരുന്നു.