പാരിസ്: താന്‍ മത്സരശേഷമുള്ള പത്രസമ്മേളനം ബഹിഷ്കരിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും പിന്‍മാറ്റം ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ജപ്പാന്‍ നവോമി ഒസാക ട്വിറ്ററില്‍ കുറിച്ചു.
പത്രസമ്മേളനത്തില്‍നിന്നു താന്‍ മാറിനില്‍ക്കുന്നതു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും പിന്‍മാറ്റം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് ഒസാക പറഞ്ഞു.
“എല്ലാവര്‍ക്കും നമസ്കാരം. ഇതിനു മുന്‍പ് ട്വീറ്റ് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ പോലുമില്ലാതിരുന്ന സവിശേഷ സാഹചര്യമാണിത്. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനും മറ്റു താരങ്ങളുടെ ക്ഷേമത്തിനും എന്റെ തന്നെ നന്മയ്ക്കും പാരിസില്‍ പുരോഗമിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍നിന്ന് ഞാന്‍ തല്‍ക്കാലം പിന്‍മാറുന്നതാണ് നല്ലതെന്ന് കരുതുന്നു.’
“ആര്‍ക്കും ഒരിക്കലും ഒരു ശല്യമാകാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ ഭാഗത്തുനിന്നും ചില വീഴ്ചകള്‍ ഉണ്ടായതായി സമ്മതിക്കുന്നു. നിലപാട് എനിക്കു കുറച്ചുകൂടി വ്യക്തമായി പറയാമായിരുന്നു. അതിലുപരി, മാനസികാരോഗ്യത്തെ ഞാന്‍ ഒരിക്കലും അത്ര ലഘുവായ ഒന്നായി എടുത്തിട്ടില്ല.’
“2018ലെ യുഎസ് ഓപ്പണ്‍ മുതല്‍ ഞാന്‍ കടുത്ത രീതിയില്‍ വിഷാദം അനുഭവിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അധികമൊന്നും സംസാരിക്കാത്ത പ്രത്യേക തരക്കാരിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവര്‍ക്ക് കൃത്യമായി അറിയാം. ടൂര്‍ണമെന്റുകളുടെ സമയത്ത് ഞാന്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതുതന്നെ മറ്റുള്ളവര്‍ക്കു പിടികൊടുക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കാനാണ്.’
“മാധ്യമ ലോകം എന്നോട് വളരെ ദയയോടെയാണ് എന്നും പെരുമാറിയിട്ടുള്ളത് (എന്റെ പ്രവര്‍ത്തി വേദനിപ്പിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു). സ്വാഭാവികമായി ഒരുപാടു സംസാരിക്കാനുള്ള കഴിവുള്ള വ്യക്തിയല്ല ഞാന്‍. ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും എനിക്ക് വല്ലാത്ത ആശങ്കയാണ്.
നിങ്ങളെ നേരിട്ടു കാണാനും ചോദ്യങ്ങളോടു പ്രതികരിക്കാനും സാധിക്കാത്ത വിധത്തില്‍ മിക്കപ്പോഴും ഈ ആധി എന്നെ കീഴ്‌പ്പെടുത്തുന്നു.’ ട്വീറ്റില്‍ നവോമി ഒസാക കുറിച്ചു.
പത്രസമ്മേളനം ബഹിഷ്കരിച്ചതിന്റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) ഒസാകയ്ക്കു പിഴയിട്ടിരുന്നു.