മഡ്രിഡ്: യൂറോ കപ്പിന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കരുത്തരായ സ്‌പെയിനിന് തിരിച്ചടിയായി ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. യൂറോ കപ്പിലെ ആദ്യ മത്സരത്തിന്റെ കിക്കോഫിന് എട്ടു ദിവസം ശേഷിക്കെയാണ് സ്പാനിഷ് ടീം നായകന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് താരം ടീം ക്യാംപ് വിട്ടു. ഇതോടെ, ലിത്വാനിയയ്ക്കെതിരായ പരിശീലന മത്സരത്തില്‍നിന്ന് സ്‌പെയിന്‍ പിന്മാറിയേക്കുമെന്നാണ് സൂചന.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുസ്‌ക്വെറ്റ്‌സ് ഇനി 10 ദിവസം ഐസലേഷനില്‍ കഴിയണം. ഇതോടെ താരത്തിന്റെ യൂറോ കപ്പിലെ പങ്കാളിത്തവും സംശയ നിഴലിലായി. ടീമിലെ മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ബുസ്‌ക്വെറ്റ്‌സുമായി സമ്പര്‍ക്കമുള്ളതിനാല്‍ അവരും ഐസലേഷനില്‍ പ്രവേശിച്ചു.
താരങ്ങള്‍ ഐസലേഷനിലായതോടെ ലിത്വാനിയയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ അണ്ടര്‍ 21 ടീമിനെ സ്‌പെയിന്‍ കളത്തിലിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ മത്സരം കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ തുക മടക്കി നല്‍കാനാണ് തീരുമാനം. മത്സരം കാണാനാണ് തീരുമാനമെങ്കില്‍ ടിക്കറ്റിന്റെ വില കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.
ജൂണ്‍ 14ന് സ്പാനിഷ് നഗരമായ സെവിയ്യയില്‍ സ്വീഡനെതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം. 19ാം തീയതി പോളണ്ടിനെതിരെയും നാലു ദിവസങ്ങള്‍ക്കുശേഷം സ്ലോവാക്യയ്ക്കെതിരെയും മത്സരമുണ്ട്.
കഴിഞ്ഞ ദിവസം പരിശീലന മത്സരത്തില്‍ പോര്‍ച്ചുഗലിനെ നേരിട്ട സ്‌പെയിന്‍ നിരയില്‍ ബുസ്‌ക്വെറ്റ്‌സും ഉണ്ടായിരുന്നതിനാല്‍, പോര്‍ച്ചുഗല്‍ താരങ്ങളും ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വരും. വെള്ളിയാഴ്ച മഡ്രിഡിലായിരുന്നു സ്‌പെയിന്‍ പോര്‍ച്ചുഗല്‍ മത്സരം. പതിവുപോലെ മത്സരത്തിനു മുന്നോടിയായി പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ താരം ആലിംഗനം ചെയ്തിരുന്നു.
വരും ദിവസങ്ങളില്‍ സ്പാനിഷ് ടീമിലെ അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും തുടര്‍ച്ചയായി പരിശോധനകള്‍ നടത്താനാണ് തീരുമാനം. ബുസ്‌ക്വെറ്റ്‌സിന്റെ പങ്കാളിത്തത്തേക്കുറിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്നീട് തീരുമാനമെടുക്കും.