Saturday, July 27, 2024

HomeSportsകോച്ച് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

കോച്ച് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

spot_img
spot_img

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ (90)അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്‍കി ആദരിച്ച വ്യക്തിയാണ്.

ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

1955ല്‍ എയര്‍ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എയര്‍ ഫോഴ്‌സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്.

അന്നത്തെ എന്‍.ഐ.എസില്‍ എത്തിയ ജി.വി.രാജയുടെ ബഹുമാനാര്‍ഥം ബാസ്ക്കറ്റ് ബോള്‍ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം നമ്പ്യാരെ പരിചയപ്പെടുന്നത്.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ 1976 ലാണ് ഒ.എം.നമ്പ്യാര്‍ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയാണ്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരുശിഷ്യ ബന്ധം നീണ്ടു.

1985 ല്‍ നമ്പ്യാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി.

കൗണ്‍സില്‍ വിട്ട് 1990 ല്‍ നമ്പ്യാര്‍ സായ്യില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരില്‍ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു.

പക്ഷേ, ഉഷയുടെ നിലവാരത്തില്‍ മറ്റൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള്‍ എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.

ആ പരിശീലകന്റെ നന്മയും സമര്‍പ്പണവും സമാനതകള്‍ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതിക്കുന്ന യാഥാര്‍ഥ്യം. ജീവിതത്തിലും നമ്പ്യാര്‍ ഉദാരമനസ്കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലര്‍ക്കെങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നല്‍കി. അവര്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട നങ്ങ്യാള്‍ ആണ്. ട്രാക്കിലും പുറത്തും ഒ.എം.നമ്പ്യാര്‍ നന്മയുടെ ആള്‍രൂപമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments