ദുബായ്: ജീവിതച്ചെലവില്‍ വന്‍കുറവ് വന്നതു മൂലം പ്രവാസികള്‍ക്കു താമസിക്കാന്‍ ഏറ്റവും അനുയോജ്യ ഇടമായി യുഎഇ മാറിയതായി മെര്‍സറിന്റെ റിപ്പോര്‍ട്ട്. ദുബായിലും അബുദാബിയിലുമാണ് ജീവിതച്ചെലവില്‍ വന്‍ കുറവ് വന്നത്. ആഗോളതലത്തില്‍ ചെലവു കൂടിയ നഗരങ്ങളുടെ പട്ടികയില്‍ 23ാം സ്ഥാനത്തായിരുന്ന ദുബായ് 42ലേക്കും അബുദാബി 39ല്‍ നിന്ന് 56 ലേക്കും മാറി.
വാടക നിരക്ക്, വീടുകളുടെ വില എന്നിവയിലുണ്ടായ കുറവാണു കാരണം. ടെക്കികള്‍, കലാകാരന്മാര്‍ എന്നിവരുടെ കാര്യമെടുത്താലും യുഎഇയാണ് ലണ്ടന്‍ (19), സാന്‍ഫ്രാന്‍സിസ്‌കോ (26), പാരിസ് (34), ഡുബ്ലിന്‍( 40) എന്നീ നഗരങ്ങളെ അപേക്ഷിച്ചു താമസത്തിനു യോജ്യം.
കലാവൈദഗ്ധ്യമുള്ളവരെയും മറ്റും ആകര്‍ഷിക്കാന്‍ യുഎഇ ആവിഷ്കരിക്കുന്ന പദ്ധതികളും റിയല്‍ എസ്‌റ്റേറ്റില്‍ വന്ന ഇടിവും ഇതിന് ആക്കം കൂട്ടുന്നു. വര്‍ധിച്ച യാത്രാ സൗകര്യം, സുരക്ഷിതത്വം, ജോലിസാധ്യതകള്‍, കുറഞ്ഞ വാടകച്ചെലവ് തുടങ്ങിയവയും കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
അതേ സമയം മധ്യപൂര്‍വദേശം, ആഫ്രിക്ക മേഖലയില്‍ ഏറ്റവുമധികം ജീവിതച്ചെലവ് വര്‍ധിച്ച് പട്ടികയില്‍ സ്ഥാനക്കയറ്റം നേടിയ സ്ഥലം ബെയ്‌റൂട്ടാണ്. 42 സ്ഥാനം കയറി പട്ടികയില്‍ മൂന്നാം സ്ഥാനമാണു ബെയ്‌റൂട്ടിനുള്ളത്. രാഷ്ട്രീയ അനിശ്ചിതത്വവും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാറ്റ് ഏര്‍പ്പെടുത്തിയതിനാല്‍ സൗദിയിലെ റിയാദും രണ്ടു പോയിന്റ് കയറി 29ാം സ്ഥാനത്തെത്തി. ആഗോളതലത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനാണ് ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരം. ഹോങ്കോങ്, ബെയ്‌റൂട്ട്, ടോക്കിയോ,സൂറിച്ച്, ഷാങ്ഹായി, സിംഗപ്പൂര്‍, ജനീവ, ബെയ്ജിങ് എന്നിങ്ങനെയാണ് ക്രമം. മുംബൈയാണ ്(78) ജീവിതച്ചെലവേറിയ ഇന്ത്യന്‍ നഗരം.
അതേസമയം ഏറ്റവും ജീവിതച്ചെലവു കുറച്ച് ജീവിക്കാന്‍ കഴിയുന്ന പട്ടണങ്ങള്‍ ബിഷ്‌കേക് (കിര്‍ഗിസ്ഥാന്‍), ലുസാക്ക (സാംബിയ), തിബ്ലിസി (ജോര്‍ജിയ), ടൂണിസ് (ടുനീഷ്യ), ബ്രസീലിയ (ബ്രസീല്‍), വിന്‍ധോക് (നമീബിയ), താഷ്ക്കന്റ് (ഉസ്ബക്കിസ്ഥാന്‍), ഗബറോണ്‍ (ബോട്‌സവാന), കറാച്ചി (പാക്കിസ്ഥാന്‍), ബന്‍ജുല്‍ (ഗാംബിയ) എന്നിവയാണ്.