കണ്ണുകള്‍ക്കും മനസ്സിനും കുളിര്‍മയേകി ആകര്‍ഷിക്കുകയാണ് കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 60 അടിയോളം ഉയരമുള്ള അരുവിക്കല്‍ വെള്ളച്ചാട്ടം. അധികമാര്‍ക്കും അറിയപ്പെടാത്തതാണ് ഈ മനോഹര ഇടം. ഈരാറ്റുപേട്ടയില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ 10 കിലോമീറ്റര്‍ അകലെ ചെന്നാട് എത്തിച്ചേരാം. ചെന്നാട് വഴി മാളിക എത്തി കഴിഞ്ഞാല്‍ റബ്ബര്‍ എസ്റ്റേറ്റിനിടയില്‍, ചെറുതും എന്നാല്‍ മനോഹരവുമായ കാനനഭംഗി തുളുമ്പുന്ന അരുവിക്കല്‍ വെള്ളച്ചാട്ടം കാണാം.
പതിനഞ്ച് അടിയോളം ഉയരമുള്ള പാറയില്‍ നിന്ന് വെള്ള മുത്തുമണികള്‍ പോലെ വെള്ളം ചിതറിത്തെറിക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മൂന്ന് തട്ടുകളിലായി ഒഴുകിയെത്തുന്ന കാഴ്ച അവിസ്മരണീയമാണ്. വെള്ളച്ചാട്ടത്തിന് താഴെ,തോട്ടില്‍ ആഴം കുറവായതിനാല്‍, ഇറങ്ങി കുളിക്കുവാനും ചൂണ്ടയിടാനും സൗകര്യമുണ്ട്. ചൂടേല്‍ക്കാത്ത തണുത്ത വെള്ളമാണ് പാറയില്‍ കൂടെ ഒഴുകിയിറങ്ങുന്നത്.
അരുവിയുടെ മുകള്‍ ഭാഗത്ത് നിന്നാല്‍ വളരെ മനോഹരമായ ദൃശ്യം ആസ്വദിക്കാം. എന്നാല്‍ ഇവിടെ അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നതിനാല്‍ സൂക്ഷിക്കണം. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് എത്തിയാല്‍ കൊടും കാടിന് സമാനമായ ദൃശ്യമാണ് വരവേല്‍ക്കുന്നത്. എതിര്‍ഭാഗത് കാണുന്ന കോതചാടിപ്പാറയും വനവും സമീപ പ്രദേശത്തെ മികവുറ്റത്താക്കുന്നു.
മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കൂടതല്‍ മനോഹരിയാകുന്നത്. ജൂണ്‍ -ഒക്ടോബര്‍ മാസങ്ങളില്‍ മഴയെതുടര്‍ന്ന് വെള്ളം കൂടുന്നതനുസരിച്ച് ധാരാളം സന്ദര്‍ശകര്‍ ഇവിടേക്ക് എത്താറുണ്ട്. എന്നിരുന്നാലും, ഈ സ്ഥലത്തിന്റെ ഭംഗി ഇനിയും പൂര്‍ണമായി ഉപയോടപ്പെടുത്തിയിട്ടില്ല. വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് വാഹനങ്ങള്‍ എത്തിച്ചേരാന്‍ കഴിയാത്തതാണ് ഈ പ്രദേശത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്.