ന്യൂഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിട്ടയോടെ ആസൂത്രണം ചെയ്യാനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റൊരു വഴിയും പ്രതിപക്ഷത്തിന്റെ മുന്നിലില്ലെന്നും സോണിയ വ്യക്തമാക്കി.
‘നമുക്കെല്ലാവര്‍ക്കും ചില നിര്‍ബന്ധങ്ങളുണ്ട്. പക്ഷേ അതെല്ലാം മറികടന്ന് രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുകയാണ്’,19 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ സോണിയ പറഞ്ഞു.
2024 തിരഞ്ഞെടുപ്പ് ആത്യന്തികലക്ഷ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ ഒത്തൊരുമിച്ച് നിന്നാല്‍ നമുക്കതിന് കഴിയും അതിലേക്കുയരാനാകണം. കാരണം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ബദലായി മറ്റൊന്നുമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെ രാജ്യത്തിന് നല്‍കാനുള്ള ലക്ഷ്യത്തോടെ ഏകമനസ്സായി ആസൂത്രണം ന
ടത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികളോട് അവര്‍ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ സോണിയ ഗാന്ധി വിളിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി., ആര്‍.എല്‍.ഡി., എന്‍.സി.പി., ശിവസേന, മുസ്ലിംലീഗ്, ആര്‍.എസ്.പി., ഡി.എം.കെ., ഇടതുപാര്‍ട്ടികള്‍, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കാളികളായി. സമാജ് വാദി പാര്‍ട്ടി, എ.എ.പി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.