സന്‍ഫ്രാന്‍സിസ്‌കോ: പ്രവാസി മലയാളി സംരംഭകര്‍ക്കിടയില്‍ അഭിമാനമായി സാമുവല്‍ ജോസഫ്. യുഎസിലെ സന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമുവലിന്റെ സ്റ്റാര്‍ട്ടപ്പിന് 30 കോടി രൂപയുടെ (4 ദശലക്ഷം യുഎസ് ഡോളര്‍) മൂലധന നിക്ഷേപമാണ് ലഭിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ കുളനട സ്വദേശിയായ സാമുവല്‍ ജോസഫിന്റെ ഹാക്കീമോ എന്ന കമ്പനിയാണ് ഈ മിന്നുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി യുഎസിലുള്ള സാമുവലാണ് കമ്പനി ഫൗണ്ടറും സിഇഒയും.
പ്രമുഖ വെന്‍ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ നിയോട്രൈബ് വെന്‍ചേഴ്‌സാണ് നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ സെക്യൂരിറ്റി സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഹാക്കീമോ വികസിപ്പിക്കുന്നത്. ഈ സംവിധാനത്തിലൂടെ ആളുകളെ കൃത്യമായി നിരീക്ഷിക്കാനും അവരുടെ നീക്കങ്ങള്‍ അറിയാനും സാധിക്കുന്നുവെന്നാണ് പ്രത്യേകത.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള പദ്ധതിയായതിനാല്‍ വ്യക്തികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെയെളുപ്പത്തില്‍ ലഭിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റ് ഓഫീസുകള്‍, കോളേജ് ക്യാംപസുകള്‍, ആശുപത്രികള്‍ മുതലായ വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പികുന്നതിന് ഈ സാങ്കേതികവിദ്യ സഹായകമാകും.
സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ തന്നെ ഹാക്കീമോ എന്ന കമ്പനിയെയും സാമുവല്‍ ജോസഫ് എന്ന മലയാളിയെയും തേടിയെത്തിയിരിക്കുന്നത് വലിയ നേട്ടമാണ്. സന്‍ഫ്രാന്‍സിസ്‌കോയിലെ മെന്‍ലോ പാര്‍ക്കിലാണ് യുഎസിലെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ബെംഗളൂരുവിലും ഇവര്‍ക്ക് ഓഫീസുണ്ട്. വലിയ മൂലധന നിക്ഷേപം വന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു സ്വദേശിയായ സാഗര്‍ ഹൊണ്ണുഗറാണ് കമ്പനിയുടെ സഹസ്ഥാപകന്‍. “വിജ്ഞാനം’ എന്നര്‍ഥമുള്ള സുറിയാനി പേരാണ് സാമുവല്‍ തന്റെ കമ്പനിക്ക് നല്‍കിയത്.
പഠനത്തില്‍ മിടുക്കനായിരുന്നു സാമുവല്‍. ഇത്തരത്തിലൊരു പഠനത്തിന്റെ ഭാഗമായാണ് യുഎസില്‍ എത്തിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു, ഇതിനിടെയാണ് സ്റ്റാര്‍ട്ടപ്പ് എന്ന ആശയം ഉണ്ടായതും പിഎച്ച്ഡി ഗവേഷണത്തില്‍ നിന്നും അവധി എടുത്ത് ഹാക്കീമോ ആരംഭിക്കുകയും ചെയ്തത്. 2016ല്‍ ഐഐടി മദ്രാസില്‍ നിന്ന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലോടുകൂടി ബിടെക് സ്വന്തമാക്കിയ ഈ മിടുക്കന്‍, 2018ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നു എംഎസ് പൂര്‍ത്തിയാക്കി.
അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് സാമൂവല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2012ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി. ഇതേതുടര്‍ന്ന് 2013 ലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാവുമായിരുന്നു.
ഏതൊരു വ്യക്തിയുടെയും വിജയത്തിന് കുടുംബത്തിന്റെ പിന്തുണ നിര്‍ണായകമാണ്. മികച്ച പിന്തുണയാണ് സാമുവലിന് തന്റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്നത്. ചങ്ങനാശ്ശേരി എസ്ബി കോളജിലെ റിട്ട. പ്രൊഫസര്‍ ഡോ. ജോസ് ഡി കൈപ്പള്ളിലിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥ മേരി പി. സാമുവേലിന്റെയും മകനാണ് സാമുവല്‍ ജോസഫ്. സഹോദരന്‍ ജോസഫ് ഡാനിയല്‍ ഐടി മേഖലയില്‍ തന്നെ ജോലി ചെയ്യുന്നു.
ചെറുപ്പം മുതല്‍തന്നെ പഠനത്തില്‍ മികവ് കാണിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു സാമുവലെന്ന് പിതാവ് പറഞ്ഞു. ഒരിക്കല്‍ പോലും പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സാമുവലിനെ നിര്‍ബന്ധിക്കേണ്ടിവന്നിട്ടില്ല. അവന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പഠിക്കാനും ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനുമുള്ള മുഴുവന്‍ സ്വാതന്ത്രവും നല്‍കി. അച്ചടക്കത്തോടെയാണ് വളര്‍ന്നത്. അതിന്റെ നേട്ടവും ജീവിതത്തിലുണ്ടായിട്ടുണ്ട്.
ചിട്ടയായ പഠനമായിരുന്നു എല്ലാകാലത്തും. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ പല കാര്യങ്ങള്‍ കണ്ടുപിടിക്കാനും അതിനു പിന്നാലെ പോകാനും താല്‍പര്യം കാണിച്ചിരുന്നു. പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. അധ്യാപകരും നാട്ടുകാരും മറ്റുബന്ധുക്കളും മികച്ച പിന്തുണയാണ് നല്‍കിയതെന്നും ഡോ. ജോസ് പറഞ്ഞു.