Sunday, September 15, 2024

HomeUS Malayaleeകോശി ഒ തോമസിനു പിന്തുണ പ്രഖാപിച്ച് ക്യുന്‍സ് മലയാളി കമ്യൂണിറ്റി

കോശി ഒ തോമസിനു പിന്തുണ പ്രഖാപിച്ച് ക്യുന്‍സ് മലയാളി കമ്യൂണിറ്റി

spot_img
spot_img

കോരസണ്‍ വര്‍ഗീസ്

ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്കു 23 -ആം ഡിസ്ട്രിക്ടില്‍ നിന്നും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ മത്സരിക്കുന്ന കോശി ഓ. തോമസിനു പിന്തുണഅറിയിച്ചുകൊണ്ട് ക്യുന്‍സ് മലയാളി കമ്യൂണിറ്റി പ്രതിനിധികള്‍, ഫ്‌ലോറല്‍ പാര്‍ക്കിലെ ഹില്‍സൈഡ് അവന്യൂയിലുള്ള തിരഞ്ഞെടുപ്പ് കേന്ദ്രഓഫീസില്‍ സമ്മേളിച്ചു.

ഫിലിപ്പ് മഠത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഡിസ്ട്രിക്ടില്‍ നിന്നുള്ള മലയാളി സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കള്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. വിനോദ് കെയാര്‍കെ, വര്‍ഗീസ് ജോസഫ്, വര്‍ഗീസ് സക്കറിയ, ലീലാമ്മ അപ്പുക്കുട്ടന്‍, ഡോ. ജേക്കബ് തോമസ്, കോരസണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രചാരണത്തിന് വേണ്ട ഒരുക്കങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും എങ്ങനെ പ്രചാരണം വിപുലപ്പെടുത്താമെന്നും ചര്‍ച്ച ചെയ്തു. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന രാജു എബ്രഹാം നിലവിലുള്ള മാര്‍ഗ്ഗരേഖകള്‍ വിശദീകരിച്ചു.

പ്രൈമറി ഇത്തവണ അവിശ്വസനീയമായ ചൂടുപിടിച്ചതാണെങ്കിലും കോശി ഓ. തോമസിനു വിജയ സാധ്യത വളരെ കൂടിയിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസ്ട്രിക്ടിലുള്ള എല്ലാ മലയാളികളും ഈ മാസം നടക്കുന്ന പ്രൈമറിയില്‍ വോട്ട് ചെയ്താല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഒരു മലയാളി സാന്നിധ്യം ഉറപ്പാകും.

മിക്കവാറും എല്ലാ വീടുകള്‍ക്ക് മുന്നിലും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിരത്തിവച്ചിരിക്കുന്നു. കാണാവുന്ന ഇടങ്ങളിലെല്ലാം വലിയ പ്രചാരണ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. നിരന്തരം നടത്തുന്ന കാര്‍റാലികളും എല്‍.ഇ.ഡി ലൈറ്റില്‍ കൂറ്റന്‍ പ്രചാരണ ട്രക്കുകളും നിരത്തിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വീടുകള്‍ തോറും നടന്നു വോട്ടുകള്‍ ഉറപ്പാക്കുന്നു, പ്രചാരണാര്‍ത്ഥം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതോടൊപ്പം വിവിധ തരത്തിലുള്ള കിറ്റുകളും വീടുകളില്‍ കൊടുത്താണ് പ്രചാരണം മുന്നേറുന്നത്.

ഡിസ്ട്രിക്ടില്‍ കൂടി ഇപ്പോള്‍ പോയാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോലും ഇത്രയും വാശിയും വീറും കാണില്ല എന്ന് തോന്നും. ദൃശ്യമായ പ്രചാരണ പരിപാടികളില്‍ കോശിക്കുവേണ്ടിയുള്ള പ്രചരണം വളരെ മുന്നില്‍ തന്നെയാണ്.

തീവ്ര ഡെമോക്രാറ്റിക് മണ്ഡലം ആയ 23 -ആം ഡിസ്ട്രിക്ടില്‍, മറ്റു കമ്മ്യൂണിറ്റികളോടൊപ്പം 4 സൗത്ത് ഏഷ്യന്‍സ്ഥാനാര്‍ത്ഥികളാണ് ശക്തമായ പ്രചാരണം നടത്തുന്നത്. സൗത്ത് ഏഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ബേസൈഡ്, ബെല്‍റോസ്, ഡഗ്ലസ്റ്റണ്‍, ഗ്ലെന്‍ഓക്‌സ്, ലിറ്റില്‍നെക്ക്, തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദരുടെ ജനസംഖ്യയും കൂടുതലാണ്. പാകിസ്താനി ബംഗ്ലാദേശി, കൊറിയന്‍, ചൈന തുടങ്ങിയ സമൂഹവും വളരെ സജ്ജീവമാണ്.

ഹോളിസ്, ക്വീന്‍സ്വില്ലേജ് എന്നിവിടങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാരുടെ ശക്തമായ സാന്നിധ്യം ഉണ്ട്. ലോകത്തിലെ ഏറ്റവും വിഭിന്നമായ സമൂഹം ക്വീന്‍സ് കൗണ്ടിയിലാണെങ്കില്‍, ക്വീന്‍സിലെ ഏറ്റവും വൈവിധ്യമാര്‍ന്ന സമൂഹം ഡിസ്ട്രിക്ട് 23 തന്നെയാണ്. നല്ലൊരുശതമാനം പേരും വര്‍ക്കിംഗ്ക്ലാസ് ആളുകളും അമേരിക്കക്കു പുറത്തു ജനിച്ചവരും ആണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ സവിശേഷമായ സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്.

കോശി ഓ. തോമസ് ക്വീന്‍സ് കേന്ദ്രമാക്കി വിവിധ പരിപാടികളുമായി വര്‍ഷങ്ങളായി സജീവ സാന്നിധ്യമാണ്. വളരെയധികം ആളുകള്‍ പങ്കെടുക്കുന്ന ക്വീന്‍സ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ഡേ പരേഡ് സംഘടിപ്പിക്കുന്നതില്‍ കോശി തോമസിന്‍റെ നേതൃത്വവും വിസ്മരിക്കാനാവില്ല. കൂടാതെ വ്യാപാരികളുടെ സംഘടനയിലും നേതൃത്വം നല്‍കുന്നതിനാല്‍ വിവിധ സമൂഹങ്ങളുമായി കോശിക്ക് അടുത്ത പരിചയവും ബന്ധങ്ങളും ഉണ്ട്.

നാട്ടില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന അനുഭവങ്ങളും മുതല്‍കൂട്ടായിട്ടുണ്ട്. നിരവധി തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അറിവും പ്രചാരണത്തിന് സഹായകമാവുന്നുണ്ട്. ഡിസ്ട്രിക്ടിന്റെ ആവശ്യങ്ങളെക്കുറിച്ചു കോശിക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്.

ഡിസ്ട്രിക്ടിലൂടെ സിറ്റി സബ്വേ സംവിധാനത്തിന്റെ അപര്യാപ്തത, റോഡുകളുടെ നിലവാരം, സീനിയര്‍ സിറ്റിസണ്‍സ്‌നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ലഭിക്കാനുള്ള അപര്യാപ്തത, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, പബ്ലിക് സേഫ്റ്റി പ്രശ്ങ്ങള്‍, ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കേണ്ട ഇളവുകള്‍, പ്രാദേശികമായ ബിസിനസ് പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ പോലീസിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് കോശിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

ആളും അര്‍ത്ഥത്തിലും മികച്ച സജ്ജീകരണങ്ങളുമായി പഞ്ചാബി കമ്മ്യൂണിറ്റിയില്‍ നിന്നും 3 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. അവരുടെ വോട്ടുകള്‍ അങ്ങനെ വിഭജിച്ചുപോകാന്‍ സാധ്യത ഉണ്ട്. പഞ്ചാബി കമ്മ്യൂണിറ്റി നേതാവായ ഹര്‍പ്രീത് സിംഗിന്റെ പടം സിറ്റി ബസുകളിലും സബ്വേയിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മറ്റൊരു പഞ്ചാബി സാമൂഹ്യ പ്രവര്‍ത്തകയായ ജസ്ലിന്‍ കൗര്‍ പല പ്രമുഖരുടെയും പിന്തുണ ഉണ്ടെന്നു അവകാശപ്പെടുന്നു.

കോശിയുടെ പ്രൈമറി മത്സരത്തിലെ വിജയം മലയാളികളുടെ ഉത്സാഹപരമായ നീക്കം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. സാധാരണ മലയാളികള്‍ പ്രൈമറി മത്സരത്തിന് വോട്ട് ചെയ്യാറില്ല. ശരിക്കും അവിടെയാണ് കാര്യങ്ങള്‍ തീരുമാനം ആകുക. ഇത്തവണ ഡിസ്ട്രിക്ടിലുള്ള എല്ലാ മലയാളികളും പ്രൈമറിയില്‍ കോശി ഓ. തോമസിനായി വോട്ട് ചെയ്താല്‍ വിജയം ഉറപ്പാണെന്ന് തിരഞ്ഞെടുപ്പ് കണ്‍വീനര്‍ രാജു എബ്രഹാം പറഞ്ഞു.

ഗുജറാത്തി, ബംഗ്ലാദേശി, പാകിസ്ഥാന്‍, കറുത്ത വര്‍ഗ്ഗക്കാര്‍ ഒക്കെ ശക്തമായി കോശിക്ക് ഒപ്പം ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. പ്രൈമറിയില്‍ പ്രിയോറിറ്റി വോട്ടിങ് എന്ന ഒരു സംവിധാനം ഉണ്ട്. പക്ഷെ കോശിക്ക് മാത്രമായി സാധ്യത ചുരുക്കിയാല്‍ കുറച്ചുകൂടി ബലം ലഭിക്കുമെന്നാണ് പ്രചാരണ സംഘാടകര്‍ പറയുന്നത്. നേരത്തെ വോട്ട് ചെയ്യാനുള്ള സംവിധാനവും ഉണ്ട് അതും പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്കു പ്രചാരണ ഓഫീസുമായി ബന്ധപ്പെടുക: രാജു എബ്രഹാം 516 -456 -9740.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments