എ. സി. ജോര്‍ജ്
ഹ്യൂസ്റ്റണ്‍: കേരള ഡിബേറ്റ് ഫോറം യു എസ് യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 30 നു വൈകുന്നേരം വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം അമേരിക്കന്‍ പ്രവാസികളും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷം അല്ല ഉള്ളതെന്ന് അഭിപ്രായപ്പെട്ടു.
നിക്ഷേപങ്ങളുമായി കേരളത്തിലേക്ക് വരൂ എന്നു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തുന്ന പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായാമം മാത്രം. അവിടെ നിക്ഷേപങ്ങളും പദ്ധതികളും ആരംഭിക്കാന്‍ വെറും ഏക ജാലകത്തിലൂടെ സാധിക്കാം എന്നു പറയുന്നത് വെറും പൊള്ളത്തരം ആണ്. അനേക ജാലകങ്ങളും ഉപ ജാലകങ്ങളും കടമ്പകളും കടന്നുവേണം പദ്ധതികളില്‍ കാലു വയ്ക്കാന്‍.
പെര്‍മിറ്റ്കളും ലൈസന്‍സുകളും ലഭ്യമാകാന്‍ എത്രപേര്‍ക്കാണ് കൈക്കൂലി കൊടുക്കേണ്ടത് എത്ര പേരുടെ കാലുകളാണ് പിടിക്കേണ്ടത്. വല്ലതും തുടങ്ങി വച്ചാല്‍ പിന്നെ അവിടത്തെ ചോട്ടാ ബഡാ നേതാക്കന്മാര്‍, തൊഴിലാളി നേതാക്കന്മാരെ എല്ലാം കൈക്കൂലി കൊടുത്തും പൂജിച്ചും സദാ കൈമണി അടിച്ചും പ്രീതിപ്പെടുത്തി കൊണ്ടിരുന്നില്ലെങ്കില്‍ നിങ്ങളുടെ സംരംഭങ്ങള്‍ തകര്‍ക്കപ്പെട്ടു നിങ്ങള്‍ ആത്മഹത്യ പോലും ചെയ്യേണ്ട ഗതികേട് വന്നു എന്നിരിക്കും. ഇപ്രകാരമുള്ള അഭിപ്രായങ്ങളാണ് പങ്കെടുത്ത ബഹുഭൂരിപക്ഷം പറഞ്ഞത്.
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും താളത്തിനൊത്ത് നിങ്ങള്‍ തുള്ളിയില്ലെങ്കില്‍ നിങ്ങളുടെ പക്ഷത്ത് എന്ത് ന്യായം ഉണ്ടെങ്കില്‍ പോലും, നിങ്ങളുടെ പേരിലും നിങ്ങളുടെ കമ്പനിയുടെ പേരില്‍ ഒക്കെ എന്ത് വയലേഷന്‍ ചാര്‍ത്താന്‍ എന്തും മെനഞ്ഞെടുക്കാന്‍ അവിടുത്തെ ബ്യൂറോക്രാറ്റിക് സംവിധാനത്തിന് എളുപ്പം കഴിയും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അതിലുപരി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്ര അനുഭവകഥകള്‍, കദന കഥകള്‍ സ്വദേശികള്‍ക്കും തദ്ദേശീകള്‍ക്കും പ്രത്യേകിച്ച് പ്രവാസികള്‍ക്കും പറയാന്‍ പറ്റും.
നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ തന്ന അല്ലെങ്കില്‍ എഗ്രിമെന്‍റ് ഒപ്പുവച്ച മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എപ്പോള്‍ വേണമെങ്കിലും മാറാം. സര്‍വ്വ കുറ്റവും വയലേഷന്‍സും നിങ്ങളുടെയും നിങ്ങളുടെ കമ്പനിയുടെ മേല്‍ ചാര്‍ത്തി അവര്‍ക്ക് രക്ഷപ്പെടാം. അവര്‍ക്ക് പലര്‍ക്കും അവര്‍ അവകാശപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ആത്മാര്‍ത്ഥത സത്യസന്ധത കാണണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. അധിക പക്ഷവും അതും അവിടെ പ്രവാസികള്‍ക്ക് പ്രത്യേകം നീതി നിഷേധിക്കപ്പെടുന്നു.
അമേരിക്കയുടെ നാനാഭാഗത്തുനിന്നും ഈ സംവാദത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം വ്യക്തികളുടെയും അഭിപ്രായം ഇതൊക്കെ തന്നെയായിരുന്നു. പ്രവാസിക്ക് നാടിനോട് പ്രതിബദ്ധത ഉണ്ട്, ഗൃഹാതുര ചിന്തകള്‍ ഉണ്ട്. അവരും ദേശത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. എന്നാല്‍ അവരോട് മിക്കവാറും തദ്ദേശവാസികള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക് ഒരുതരം അസൂയയും ശത്രുത ആണുള്ളത്. അവര്‍ നാടിനെ എത്ര സഹായിച്ചാല്‍ തന്നെയും എന്നും അവര്‍ക്ക് അവിടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
പല സര്‍ക്കാര്‍ നയങ്ങളും നിയമങ്ങളും പ്രവാസി സൗഹാര്‍ദ്ദം അല്ല. അവര്‍ക്കെതിരെയുള്ള വിലക്കുകളാണ് അധികവും. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എങ്ങനെ തടയിടാം എന്നതാണ് നാട്ടിലെ അധിക പക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് അനുഭവസ്ഥര്‍ ആയ അനേകം പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രവാസികളുടെ ഭൂമിക്കും സ്വത്തിനും അവിടെ മതിയായ സംരക്ഷണം ഇല്ല. അത് ക്രയവിക്രയം ചെയ്യാന്‍ അവര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇതൊക്കെ പരിഹരിക്കാമെന്ന് അവിടത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അധരവ്യായാമം നടത്തുന്നുണ്ടെങ്കിലും ഒന്നും പ്രയോഗത്തില്‍ ആകുന്നില്ല. കപ്പല്‍ ഇന്നും തിരുനക്കര തന്നെ. ഡിബേറ്റില്‍ പങ്കെടുത്തവര്‍ ആല്‍മ രോഷത്തോടെ അഭിപ്രായപ്പെട്ടു.
യുഎസില്‍ ഉള്ള മിക്ക സംഘടനകളും ഈ വക പ്രശ്‌നങ്ങള്‍ നാട്ടിലെ അധികാര വര്‍ഗ്ഗത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കാര്യമായി ശ്രദ്ധിക്കാറില്ല. . ഈ സംഘടനക്കാര്‍ നാട്ടിലെ നാനാവിധ രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും സിനിമാ താരങ്ങളെയും നേരിലും വെര്‍ച്ച്വല്‍ ആയും യോഗങ്ങള്‍ സംഘടിപ്പിച്ചു പരസ്പരം പാടി പുകഴ്ത്താനാണു ശ്രമിക്കാറ്. കൂട്ടത്തില്‍ നിന്ന് ഫോട്ടോയെടുത്ത് നിറംപിടിപ്പിച്ച പത്രവാര്‍ത്തകള്‍ കൊടുക്കുവാനാണ് അവരുടെ താല്പര്യം. അവരെല്ലാം നാട്ടില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരങ്ങള്‍ തന്നെയാണ്. എന്നാല്‍ പ്രവാസികള്‍ക്ക് ലഭ്യമാകേണ്ട ന്യായമായ സൗകര്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നതായി കാണുന്നില്ല എന്നത് ദുഃഖകരമായ ഒരു അവസ്ഥയാണെന്ന് കേരള ഡിബേറ്റ് ഫോറം ചൂണ്ടിക്കാട്ടി.
കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച സംവാദത്തിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും പത്ര മാധ്യമ പ്രവര്‍ത്തകരുമായ, ജോര്‍ജ് പാടിയേടം, സജി കരിമ്പന്നൂര്‍, ജോര്‍ജ് നെടുവേലില്‍, തോമസ് ടി ഉമ്മന്‍, തോമസ് ഒലിയന്‍കുന്നേല്‍, ആന്‍റ്റോ കണ്ണാടന്‍, കുഞ്ഞമ്മ മാത്യു, എല്‍ സി ജോര്‍ജ് , ഫിലിപ്പ് മാരേട്ട്, പി പി ചെറിയാന്‍, എബ്രഹാം തോമസ്, സില്‍വി വര്‍ഗീസ്, രവീന്ദ്രന്‍ നാരായണന്‍, വീണ നായര്‍, വര്‍ഗീസ് ഡെന്‍വര്‍, രാജീവ് നായര്‍, ജെയിംസ് ജോര്‍ജ്, ജോണി ജോസഫ്, ജോസ് മാത്യു , യു എം അബ്ദുറഹ്മാന്‍, മേരി ജോസഫ്, ഐ സ് ചാക്കോ, ജോസ് വര്‍ക്കി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു സംസാരിച്ചു. സംവാദത്തിന് മോഡറേറ്ററായി എ. സി. ജോര്‍ജ് പ്രവര്‍ത്തിച്ചു.
Virtual Zoom Meeting Youtube Link is given below
https://youtu.be/KKnekOqKGEI