ബീജിങ്: ‘നാം രണ്ട്…നമുക്ക് രണ്ട്…’ എന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കുടുംബാസൂത്രണ മുദ്രാവാക്യമായിരുന്നു. എന്നാല്‍ ചൈന ഇപ്പോള്‍ അതുക്കും മേലെ പിടിച്ചിരിക്കുകയാണ്. ജനസംഖ്യ കുറയച്ചിരുന്ന പശ്ചാത്തലത്തില്‍ ഒരു ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്ന നയം പരാജയപ്പെട്ടുവെന്ന് ചൈനീസ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഈ നയത്തില്‍ മാറ്റം വരുത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചു. മൂന്ന് കുട്ടികള്‍ ആകാമെന്ന് പുതിയ തീരുമാനം. ഈ തീരുമാനത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അനുമതി നല്‍കി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തീരുമാനത്തിന് അനുമതി നല്‍കുകയും ചെയ്തു. ചൈനയില്‍ ജനസംഖ്യ ഗണ്യമായി കുറയുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴയ നയത്തില്‍ മാറ്റം വരുത്തിയത്. ഓരോ ദമ്പതികള്‍ക്കും ഇനി മൂന്ന് വീതം കുട്ടികള്‍ ആകാമെന്ന് ചൈന തീരുമാനിച്ചുവെന്ന് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ പത്ത് വര്‍ഷത്തിലുമാണ് ചൈന ജനസംഖ്യാ കണക്കെടുക്കാറ്. പുതിയ സെന്‍സസ് റിപ്പോര്‍ട്ടില്‍ ജനസംഖ്യാ വളര്‍ച്ച ഗണ്യമായി കുറഞ്ഞുവെന്ന് വ്യക്തമായി. 1,444,216,107 ആണ് രാജ്യത്തെ ഇപ്പോഴത്തെ ജനസംഖ്യ.
ജനസംഖ്യയില്‍ കുറവ് വരുന്നുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കുടുംബ നയത്തില്‍ മാറ്റം വരുത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. ഈ മാസം ആദ്യത്തിലാണ് ചൈനയുടെ പുതിയ സെന്‍സസ് റിപ്പോര്‍ട്ട് വന്നത്. 1.2 കോടി കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പിറന്നത്. 2016ല്‍ ഇത് 1.8 കോടിയായിരുന്നു.
1960കള്‍ക്ക് ശേഷം ഇത്രയും കുറഞ്ഞ ജനന നിരക്ക് ചൈനയില്‍ ആദ്യമാണ്. ഇത് തുടര്‍ന്നാല്‍ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് ഭരണകൂടം വിലയിരുത്തുന്നു. കുട്ടികളും യുവജനങ്ങളും കുറയുന്നത് രാജ്യപുരോഗതിക്ക് തിരിച്ചടിയാകുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
2016ലാണ് ചൈന ഒറ്റ കുട്ടി നയം അവസാനിപ്പിച്ചത്. തുടര്‍ന്ന് ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെ ആകാമെന്ന് തീരുമാനിച്ചു. എന്നിട്ടും രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായി. അതോടെ ആ തീരുമാനവും ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. മൂന്ന് കുട്ടികള്‍ വരെ ആകാമെന്നാണ് പുതിയ തീരുമാനം.
1979ലാണ് ചൈന ഒരു കുട്ടി നയം നടപ്പാക്കിയത്. ജനസംഖ്യയിലെ അതിവേഗ വളര്‍ച്ച രാജ്യത്തിന്റെ പുരോഗതിക്ക്് തിരിച്ചടിയാകുമെന്ന് ഭയന്നായിരുന്നു ജനസംഖ്യാ നിയന്ത്രണം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കിയിരുന്നു. മാത്രമല്ല, ജോലി നഷ്ടമാകുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ ചൈനയുടെ നയമായിരുന്നു ഇത്.