‘ഒസാമ ബിന്‍ ലാജര്‍’ എന്നു പേരില്‍ വില്‍ക്കുന്ന ബിയര്‍ വാങ്ങാന്‍ യുകെയിലെ ലിങ്കണ്‍ഷെയറിലെ ബില്ലിംഗ്‌ഹേയിലുള്ള പബ്ബില്‍ വൻ തിരക്ക് അനുഭവപ്പെട്ടതോടെ മിഷേല്‍ ബ്രൂവിങ് കോ എന്ന മദ്യശാല തങ്ങളുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടി. ഇവര്‍ പുറത്തിറക്കുന്ന മദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയിരുന്നത് ഒസാമ ബിന്‍ ലാജറിന് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിട്രസിന്റെ രുചിയും മണവുമുള്ള ബിയര്‍ വാങ്ങുന്നതിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് പതിന്മടങ്ങ് വര്‍ധിച്ചതോടെ സ്ഥാപനത്തിന്റെ സഹസ്ഥാപകരായ ലൂക്കും കാതറൈന്‍ മിഷേലും ഫോണുകള്‍ ഓഫാക്കി വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിന് പുറമെ സ്ഥാപനത്തിന്റെ വൈബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതും താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആയിരക്കണക്കിന് നോട്ടിഫിക്കേഷനുകളാണ് ഫോണില്‍ കാണുന്നതെന്ന് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിഷേല്‍ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി ഫോണ്‍ താഴെ വയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.
2011ല്‍ യുഎസ് കൊലപ്പെടുത്തിയ അല്‍ ഖെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ചിത്രമാണ് ബിയര്‍കുപ്പിയുടെ പുറത്തുള്ളത്. ബില്‍ ലാദന്റെ മാത്രമല്ല, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പേരിലുള്ള കിം ജോങ് അലേ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പേരിലുള്ള പുടിന്‍ പോര്‍ട്ടര്‍ തുടങ്ങിയ മദ്യങ്ങളും നേരത്തെ ഇവര്‍ പുറത്തിറക്കിയിരുന്നു.
ഒസാമ ബിന്‍ ലാജറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം മദ്യശാല സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇത് വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചത്. ബാറിന് പുറത്തുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ എല്ലാവരും ചിരിക്കാറുണ്ടെന്ന് മിഷേല്‍ ബിബിസിയോട് പറഞ്ഞു.
ബിന്‍ലാദന്റെ പേരിലുള്ള മദ്യം കണ്ട് ആളുകള്‍ നെറ്റിചുളിക്കുന്നുണ്ടെങ്കിലും ജീവകാര്യണപ്രവര്‍ത്തനങ്ങളിലും മിഷേല്‍ ദമ്പതിമാര്‍ സജീവമാണ്. ഓരോ ബാരൽ ഒസാമ ബിന്‍ ലാജര്‍ ബിയര്‍ വിറ്റു കിട്ടുന്ന പണത്തില്‍ നിന്നും പത്ത് പൌണ്ട് വീതം 2011 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ തീവ്രവാദി ആക്രമണത്തിലെ ഇരകള്‍ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.