Saturday, September 7, 2024

HomeWorldഇസ്രായേലിന്റെ അമരക്കാരന്‍ ബെന്നറ്റ് തികഞ്ഞ ദേശസുരക്ഷാ വാദി, പക്ഷേ...

ഇസ്രായേലിന്റെ അമരക്കാരന്‍ ബെന്നറ്റ് തികഞ്ഞ ദേശസുരക്ഷാ വാദി, പക്ഷേ…

spot_img
spot_img

ജറുസലേം: ഇസ്രായേലില്‍ 12 വര്‍ഷത്തെ നെതന്യാഹു യുഗത്തിന് അന്ത്യമിട്ട് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നഫ്താലി ബെന്നറ്റ് ആരാണ്..? എന്താണ് അദ്ദേഹത്തിന്റെ നയസമീപനങ്ങള്‍..? പലസ്തീനടക്കമുള്ള വിഷയങ്ങളിലും ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇസ്രായേലിലെ പുതിയ ഭരണകൂടത്തിന്റെ നയങ്ങള്‍ ശ്രദ്ധയോടെ ലോകം ഉറ്റുനോക്കുന്നു ഇപ്പോള്‍.

49കാരനായ ബെന്നറ്റ് നെതന്യാഹു ഭരണകൂടത്തിന്റെ മുന്‍ പങ്കാളിയാണ്. നെതന്യാഹുവിനെ താഴെയിറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കിങ് മേക്കറായി മാറിയ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യമിന പാര്‍ട്ടിക്ക് 120 അംഗ പാര്‍ലമെന്റില്‍ ആകെ ലഭിച്ചത് ഏഴ് സീറ്റ് മാത്രമാണ്.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യമിന പാര്‍ട്ടിയടങ്ങുന്ന സഖ്യത്തില്‍ അറബ് വംശജര്‍ അടങ്ങുന്ന അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയടക്കം ഉണ്ടെന്നതാണ് ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ ശ്രദ്ധേയമാകുന്നത്. ആര്‍ക്കും കൃത്യമായി ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇസ്രായേലില്‍ രണ്ടു വര്‍ഷത്തിനിടെ നാല് തിരഞ്ഞെടുപ്പാണ് നടന്നത്.

നെതന്യാഹുവിന്റെ ഓഫറുകള്‍ നിരസിച്ച് പുതിയ സഖ്യത്തില്‍ പങ്കാളിയായ നെഫ്താലി ബെന്നറ്റിന് ആദ്യ രണ്ടു വര്‍ഷമാണ് പ്രധാനമന്ത്രി പദം ലഭിക്കുക. തുടര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന യയിര്‍ ലാപിഡിനാണ് അവസരം. പുതിയ സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് നഫ്താലി ബെന്നറ്റിന്റെ പാര്‍ട്ടിയില്‍ നിന്ന് ഒരംഗം രാജിവെച്ചെങ്കിലും അദ്ദേഹം ഐക്യസര്‍ക്കാര്‍ രൂപീകരണത്തില്‍ തുടരുകയായിരുന്നു.

നെതന്യാഹുവിന്റെ വലം കൈയായിരുന്ന നഫ്താലി ബെന്നറ്റിന് പലസ്തീന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ അതേ നിലപാടാണുള്ളത്. പലസ്തീന്‍ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന അദ്ദേഹം സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലേയും ജറുസലേമിലേയും ജൂത കുടിയേറ്റങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു.

എന്നാല്‍ ഐക്യസര്‍ക്കാരിലെ ഇടത് വലത് പാര്‍ട്ടികളുടെ സ്വാധീനം നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ നഫ്താലി ബെന്നറ്റിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. ബരാക് ഒബാമ യു.എസ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധിനിവേശ നിര്‍മാണങ്ങള്‍ മന്ദഗതിയിലാക്കിയതിനെ തുടര്‍ന്ന് നെതന്യാഹു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ആളാണ് നഫ്താലി ബെന്നറ്റ്.

2013ല്‍ പാര്‍ലമെന്റ് പ്രവേശനം നേടുന്നതിന് മുമ്പ് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കൗണ്‍സില്‍ മേധാവിയായി ബെന്നറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വിവിധ സര്‍ക്കാരുകളില്‍ കുടിയേറ്റ, വിദ്യാഭ്യാസ പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.

”അദ്ദേഹം വലതുപക്ഷ നേതാവാണ്. ദേശസുരക്ഷയില്‍ കടുത്ത നിലപാടാണുള്ളത്. അതേ സമയം തന്നെ പ്രായോഗികവുമാണ്…” ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി യോഹന്നാന്‍ പ്ലെസ്‌നര്‍ പറഞ്ഞു. നെതന്യാഹുവിന്റെ സമീപനങ്ങളോട് തൊട്ടുരുമ്മി നില്‍ക്കുന്ന ആളാണെങ്കിലും ഇരുവരും കുറുച്ചുവര്‍ഷങ്ങളായി അകല്‍ച്ചയിലാണ്.

രണ്ടു വര്‍ഷക്കാലം ബെന്നറ്റ് നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചു. എന്നാല്‍ നെതന്യാഹുവിന്റെ ഭാര്യ സാറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് വഴിപിരിഞ്ഞു.

മറ്റു നിരവധി വൈരുദ്ധ്യങ്ങളും പുതിയ സര്‍ക്കാരിലുണ്ട്. മാര്‍ച്ചില്‍ ഏറ്റവും അവസാനമായി നടന്ന തിരഞ്ഞെടുപ്പില്‍ നെഫ്താലി ബെന്നറ്റ് ടെലിവിഷനിലൂടെ ഒരു പ്രതിജ്ഞയെടുത്തിരുന്നു. പുതിയ സഖ്യത്തിലെ പ്രധാന നേതാവും നെതന്യാഹുവിന്റെ മുഖ്യ എതിരാളിയുമായ യെയിര്‍ ലാപിഡിനെ ഒരിക്കലും ഇസ്രായേലിന്റെ പ്രധാനമന്ത്രിയാക്കില്ലെന്നായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ബെന്നെറ്റിന് ലാപിഡിന് വേണ്ടി പ്രധാനമന്ത്രി പദം ഒഴിഞ്ഞു കൊടുക്കണം.

പഴയ വീഡിയോകള്‍ വെച്ച് നെതന്യാഹുവിന്റെ അനുയായികള്‍ ബെന്നറ്റിനെതിരെ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ രാജ്യദ്രോഹിയാക്കി മുദ്രകുത്തിയ നെതന്യാഹു അനുയായികള്‍ വോട്ടര്‍മാരെ വഞ്ചിച്ചെന്നും ആരോപിച്ചു. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം പോകാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രായോഗിക നീക്കമാണ് താന്‍ നടത്തിയതെന്നാണ് നഫ്താലി ബെന്നെറ്റ് ന്യായീകരിച്ചത്.

ആധുനിക ഓര്‍ത്തഡോക്‌സ് ജൂതവിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാണ് നഫ്താലി ബെന്നെറ്റ്. അമേരിക്കന്‍ വംശജരായ മാതാപിതാക്കള്‍ക്കൊപ്പം ഹൈഫയിലാണ് ബെന്നെറ്റിന്റെ കുട്ടിക്കാലം. ഇസ്രായേലിലും വടക്കേ അമേരിക്കയിലുമായി തുടര്‍ന്നുള്ള ജീവതം. സൈനിക സേവനവും നടത്തി.

എലൈറ്റ് സയണെറ്റ് മത്കല്‍ കമാന്‍ഡോ യൂണിറ്റില്‍ സേവനമനുഷ്ഠിച്ച ശേഷം ബെന്നറ്റ് ഹീബ്രു സര്‍വകലാശാലയിലെ ലോ സ്‌കൂളില്‍ ചേര്‍ന്നു. 1999 ല്‍ അദ്ദേഹം സിയോട്ട എന്ന ആന്റിഫ്രോഡ് സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ സഹസ്ഥാപകനായി, അത് 2005 ല്‍ യുഎസ് ആസ്ഥാനമായുള്ള ആര്‍എസ്എ സെക്യൂരിറ്റിക്ക് 145 മില്യണ്‍ ഡോളറിന് വിറ്റു.

ലെബനന്‍ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ 2006 ലെ ഇസ്രായേലിന്റെ യുദ്ധത്തിന്റെ കയ്‌പേറിയ അനുഭവം തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതായി ബെന്നറ്റ് പറഞ്ഞു. ഒരു മാസം നീണ്ടുനിന്ന യുദ്ധത്തിനിടെ ഇസ്രയേലിന്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകള്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments