യാങ്കൂണ്‍: മ്യാന്‍മറില്‍, പട്ടാളം ബന്ധികളാക്കിയ ഏഴു വൈദികരും മോചിതരായതായി സഭാനേതൃത്വത്തിന്റെ സ്ഥിരീകരണം. മണ്ഡാലയ് അതിരൂപതയുടെ വികാരി ജനറല്‍ മോണ്‍. ഡൊമിനിക് ജ്യോഡുയാണ് ഇക്കാര്യം അറിയിച്ചത്.
പട്ടാള ഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ജനാധിപത്യവാദികളെ നേരിടുന്ന സൈന്യം യാങ്കോണില്‍ നിന്ന് എഴുന്നൂറോളം കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന ചാന്‍ താര്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി ദേവാലയ വികാരിയെയും അദ്ദേഹത്തെ കാണാനെത്തിയ അഞ്ചോളം വൈദികരെയും ബന്ധികളാക്കുകയായിരിന്നു.
പട്ടാളത്തിനെതിരെ പോരാടുന്ന ജനാധിപത്യവാദികള്‍ ദേവാലയത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ടാകാമെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് പട്ടാളം ഒന്നടങ്കം ദേവാലയത്തില്‍ എത്തിയത്. എന്നാല്‍, സൈന്യത്തിന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വൈദികരെ ബന്ധികളാക്കിയത്.
സൈനീകരുടെ ആക്രമണം ഭയന്ന് വലിയശതമാനം ഗ്രാമവാസികളും ആരാധനാലയങ്ങളില്‍ അഭയം തേടിയിരുന്നെങ്കിലും ഇപ്പോള്‍ അവരെല്ലാം ഉള്‍കാടുകളിലേക്ക് പലായനം ചെയ്യുകയാണ്. ജനാധിപത്യ സമൂഹത്തോട് ഒപ്പം സഭാനേതൃത്വം നിലകൊള്ളുന്നതില്‍ പട്ടാള നേതൃത്വത്തിലും എതിര്‍പ്പുകളുണ്ട്.
അതേസമയം ആരാധനാലയങ്ങളില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തുന്ന പ്രവണതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കത്തോലിക്കാ ദേവാലയങ്ങളിലും ബുദ്ധമത ആരാധന കേന്ദ്രങ്ങളിലുമാണ് ഇത്തരത്തില്‍ പരിശോധനകള്‍ ശക്തമായി നടക്കുന്നത്.