കിവ്: കിഴക്കന്‍ നഗരമായ സെവെറോഡൊനെറ്റ്‌സ്‌കിനെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ റഷ്യ ശക്തമാക്കിയതിന് പിന്നാലെ ആയുധവിതരണം വേഗത്തിലാക്കണമെന്ന് പാശ്ചാത്യ സഖ്യകക്ഷികളോട് യുക്രെയ്‍ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി.
പ്രദേശത്തെ വ്യാവസായിക കേന്ദ്രത്തിലേക്കുള്ള അവസാനത്തെ പാലവും റഷ്യന്‍ സേന തകര്‍ത്തതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ പ്രതികരണം.
ഭയപ്പെടുത്തുന്ന അപകടങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലുഹാന്‍സ്കിലെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ അവസാന പ്രദേശങ്ങളായ സെവെറോഡോനെറ്റ്സ്ക്, ലിസിചാന്‍സ്ക് എന്നീ നഗരങ്ങള്‍ ഇപ്പോഴും യുക്രെയ്ന്‍ നിയന്ത്രണത്തിലാണ്.
തങ്ങളുടെ എതിരാളികള്‍ക്ക് സമാനമായി കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കുകയാണെങ്കില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന് സെലന്‍സ്കി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തിന് കനത്ത ആയുധങ്ങള്‍ ആവശ്യമാണെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മിഖൈലോ പോഡോലിയാക് പറഞ്ഞു.
ആഴ്‌ചകള്‍ നീണ്ട റഷ്യന്‍ ആക്രമണത്തിനൊടുവില്‍ സെവെറോഡോനെറ്റ്‌സ്‌കിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ റഷ്യ പുറത്താക്കിയതായി റീജിയണല്‍ ഗവര്‍ണര്‍ സെര്‍ജി ഗെയ്‌ഡേ പറഞ്ഞു.