ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് കനത്ത തിരിച്ചടി നൽകി ശക്തികേന്ദ്രത്തിലെ തോൽവി. ടോറന്റോയിലെ സെന്റ്.പോളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ലിബറൽ പാർട്ടി തോറ്റത്. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തികേന്ദ്രത്തിലെ തോൽവി ട്രൂഡോക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായ ഡോൺ സ്റ്റുവാർട്ടാണ് മണ്ഡലത്തിൽ നിന്നും ജയിച്ചത്. 42 ശതമാനം വോട്ട് നേടിയാണ് എതിർ സ്ഥാനാർഥി ലെസ്‍ലി ചർച്ചിനെ സ്റ്റുവാർട്ട് തോൽപ്പിച്ചത്. കഴിഞ്ഞ 30 വർഷമായി ലിബറലുകൾ കൈവശം വെച്ചിരുന്ന സീറ്റാണ് സെന്റ്പോൾ. 2021ലെ തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ട് നേടിയായിരുന്നു വിജയം. എതിർ സ്ഥാനാർഥിക്ക് അന്ന് 22 ശതമാനം വോട്ടാണ് കിട്ടിയത്.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തികേന്ദ്രത്തിലെ തോൽവി ട്രൂഡോയുടെ നേതൃത്വം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 338 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമൺസിൽ 155 പേരുടെ പിന്തുണയാണ് ലിബറലുകൾക്ക് ഉള്ളത്.
തങ്ങൾ പ്രതീക്ഷിച്ച ഫലമല്ല തെരഞ്ഞെടുപ്പിലുണ്ടായത്. ജനങ്ങളുടെ ആശങ്കകളും പരാതികളും കേൾക്കാൻ തങ്ങൾ തയാറാണ്. ജനങ്ങൾക്ക് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കാൻ താനും പാർട്ടിയും ശ്രമിക്കുമെന്നും ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിൽ ട്രൂഡോ പറഞ്ഞു.