വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കലിന്‍റെ അന്തിമ ഫലം എന്താണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഒഴിപ്പിക്കല്‍ ദൗത്യങ്ങളിലൊന്നാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനു ശേഷമുള്ള സാഹചര്യം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
”ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായതും ബുദ്ധിമുട്ടേറിയതുമായ ഒഴിപ്പിക്കലുകളില്‍ ഒന്നാണിത്. അന്തിമ ഫലം എന്താണെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ല.” യു.എസ് പ്രസിഡന്‍റ് വിശദീകരിച്ചു.
അഫ്ഗാനിസ്താനിലെ മുഴുവന്‍ അമേരിക്കക്കാരെയും നാട്ടിലെത്തിക്കുമെന്നും താലിബാനുമായി നിരന്തരം ബന്ധപ്പെട്ടു വരുകയാണെന്നും യു.എസ് പൗരന്മാര്‍ക്ക് കാബൂള്‍ വിമാനത്താവളത്തില്‍ എത്തുന്നതില്‍ തടസ്സങ്ങളുണ്ടാകരുതെന്ന കാര്യത്തില്‍ താലിബാനുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.
അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റ തീരുമാനം അമേരിക്കയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പിച്ചോ എന്ന ചോദ്യത്തിന്, തങ്ങളുടെ വിശ്വാസ്യത എവിടെയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.