ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രകടമായ ഐക്യത്തിനു പിറകെ, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഐക്യശ്രമം ഊര്‍ജിതമാക്കാന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുത്ത 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ യോജിച്ചു നില്‍ക്കേണ്ടതിന്‍െറ പ്രാധാന്യം എടുത്തു പറഞ്ഞു.
മോദിസര്‍ക്കാറിന്‍െറ വഴിവിട്ട പോക്കിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങാനും തീരുമാനിച്ചു. സെപ്തംബര്‍ 20 മുതല്‍ 30 വരെയാണ് രാജ്യവ്യാപക പ്രക്ഷോഭം.
സോണിയ വിളിച്ച വിഡിയോ കോണ്‍ഫറന്‍സില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ശരദ് പവാര്‍ (എന്‍.സി.പി), മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിന്‍ (ഡി.എം.കെ), സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുത്തു. സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, എല്‍.ജെ.ഡി, ജെ.എം.എം, നാഷനല്‍ കോണ്‍ഫറന്‍സ്, ആര്‍.ജെ.ഡി, എ.ഐ.യു.ഡി.എഫ്, വി.സി.കെ, ജെ.ഡി.എസ്, ആര്‍.എല്‍.ഡി, പി.ഡി.പി എന്നിവയാണ് പങ്കെടുത്ത മറ്റു പാര്‍ട്ടികള്‍.
അതേസമയം സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന്‍െറ യോജിച്ച നിലപാടു കൊണ്ട് സര്‍ക്കാറിന്‍െറ സ്വേഛാപരമായ പോക്കിന് തടയിടാന്‍ പലപ്പോഴും കഴിഞ്ഞ കാര്യം സോണിയയും വിവിധ പാര്‍ട്ടി നേതാക്കളും ചൂണ്ടിക്കാട്ടി. ഓരോ പാര്‍ട്ടികളും അവരുടേതായ ഉള്‍പ്രേരണകള്‍ മാറ്റിവെച്ച് നിലവിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, കോണ്‍ഗ്രസ് ഈ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്നും സോണിയ യോഗത്തില്‍ പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ ലക്ഷ്യം മുന്നില്‍വെച്ച് യോജിച്ചു നീങ്ങാന്‍ പ്രതിപക്ഷത്തിന് കഴിയണം. സ്വാതന്ത്ര്യ പോരാട്ടത്തിന്‍െറയും ഭരണഘടനയുടെയും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍ വരണമെന്നതാകണം ഒറ്റ ലക്ഷ്യമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് ഐക്യശ്രമത്തിന് കേന്ദ്രസമിതി രൂപപ്പെടുത്തണമെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.
ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള മാറ്റം രാജ്യത്ത് കൊണ്ടുവരാന്‍ 19 പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. കേന്ദ്രസര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്‍െറ കുറ്റപത്രം കൂടിയാണ് സംയുക്ത പ്രസ്താവന. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണം പോലും നടത്താന്‍ തയാറാകാതെ പാര്‍ലമെന്‍റ് അലങ്കോലപ്പെടുത്തുകയാണ് ഭരണചേരി ചെയ്തത്.
ജനകീയ വിഷയങ്ങള്‍ ഉയര്‍ത്താന്‍ അനുവദിക്കാതെ പാര്‍ലമെന്‍റിലെ പ്രതിഷേധം അന്യായമായ രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.
കോവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ വലിയ പിഴവാണ് സര്‍ക്കാറിന് ഉണ്ടായിട്ടുള്ളത്. മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന് വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കാനും സര്‍ക്കാറിന് കഴിയുന്നില്ല. സമ്പദ്‌രംഗം കടുത്ത മാന്ദ്യത്തിലായിരിക്കേ, കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും പട്ടിണി വര്‍ധിക്കുകയും ചെയ്തു.
ഒമ്പതുമാസമായി കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍, അവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നതാണ്. ചങ്ങാത്ത മുതലാളിമാരെ സഹായിക്കുന്ന വിധം രാജ്യത്തിന്‍െറ ആസ്തികള്‍ കൊള്ളയടിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നു.
കോവിഡ് വാക്‌സിന്‍ നിര്‍മാണ വേഗത കൂട്ടണമെന്ന് സംയുക്ത പ്രസ്താവന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നികുതി അടക്കേണ്ടതില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ ആശ്വാസ ധനമായി നല്‍കണം. ഇന്ധനവിലയുടെ അന്യായമായ എക്‌സൈസ് തീരുവ പിന്‍വലിക്കണം.
വിവാദ കാര്‍ഷിക നിയമ പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കണം. വാര്‍ഷിക തൊഴിലുറപ്പു പദ്ധതി ദിനങ്ങള്‍ 200 ആയി ഉയര്‍ത്തണം. പെഗസസ് വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തവര്‍ക്കും ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതര്‍ക്കുമെതിരായ യു.എ.പി.എ കേസ് പിന്‍വലിച്ച് എല്ലാവരെയും മോചിപ്പിക്കണം. ജമ്മുകശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും പൂര്‍ണ സംസ്ഥാന പദവി ജമ്മുകശ്മീരിന് തിരിച്ചുനല്‍കുകയും വേണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.