പ്യോങ്യാങ്: സമീപകാലത്ത് ഉത്തരകൊറിയയെ വിറപ്പിച്ച കോവിഡ് മഹാമാരിയില്‍ പ്രസിഡന്റ് കിം ജോങ് ഉന്നും രോഗബാധിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് കിം ഗുരുതരാവസ്ഥയിലായിരുന്നുവെന്ന കാര്യം സഹോദരി കിം യോ ജോങ് ആണ് വെളിപ്പെടുത്തിയത്. അപൂര്‍വമായാണ് കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉത്തരകൊറിയ പുറത്തുവിടാറുള്ളത്. കടുത്ത പനിയായിരുന്നു കിമ്മിന് അനുഭവപ്പെട്ടത്. എന്നാല്‍ സ്വന്തം ആരോഗ്യം മോശമായ അവസ്ഥയിലും സ്വന്തം ജനങ്ങളെ കുറിച്ചുള്ള ആശങ്ക മൂലം കിമ്മിന് ഇരിക്കപ്പൊറുതിയുണ്ടായില്ലെന്നും സഹോദരി പറഞ്ഞു.
തന്റെ രാജ്യം കോവിഡിനെതിരെ വിജയം നേടിയെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ എന്നുമുതലാണ് കിം രോഗബാധിതനായത് എന്ന കാര്യം അവര്‍ പറഞ്ഞില്ല. ദക്ഷിണ കൊറിയയില്‍ നിന്ന് അയച്ച വസ്തുക്കള്‍ വഴിയാണ് ഉത്തരകൊറിയയില്‍ കോവിഡ് വൈറസ് എത്തിയതെന്ന വാദവും കിം യോ ജോങ് ആവര്‍ത്തിച്ചു. ഉത്തരകൊറിയ കോവിഡ് മുക്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കിം യോ ജോങ്.
കിം ജോങ് ഉന്നിനെ വിമര്‍ശിക്കുന്ന ലക്ഷക്കണക്കിന് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനായി ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകരും കൂറുമാറ്റ ഗ്രൂപ്പുകളും വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ ബലൂണുകള്‍ പറത്തുകയാണെന്നും സഹോദരി ആരോപിച്ചു. ഇത്തരം പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.