സൗദി: ജിദ്ദയിലെ അരാംകോ എണ്ണ സംഭരണശാല ഹൂതികള്‍ ആക്രമിച്ചതിന് പിന്നാലെ സൗദിയുടെ തിരിച്ചടി. യെമന്‍ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഹുദൈദയിലും സൗദി പ്രത്യാക്രമണം നടത്തി. ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധനസംഭരണശാലയും തകര്‍ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു. ഹൂതി ആക്രമണത്തില്‍ രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചതായി അരാംകോ സ്ഥിരീകരിച്ചു.
പുലര്‍ച്ചയോടെയാണ് ഹൂതികളെ ലക്ഷ്യമിട്ട് സൗദിയും സഖ്യകക്ഷികളും വ്യോമാക്രമണം ആരംഭിച്ചത്. ഹുദൈദയില്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധനസംഭരണ ശാലയുമാണ് സൗദി ലക്ഷ്യമിട്ടതെന്നാണ് വിവരം. സനയിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തുന്നുണ്ട്. തങ്ങളുടെ ഇന്ധനശാലകളെ സുരക്ഷിതമാക്കാനുള്ള നടപടിയാണ് നടക്കുന്നതെന്നും ശത്രുക്കളെ ഉന്‍മൂലനം ചെയ്യുമെന്നും സൗദി വ്യക്തമാക്കി.
ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന് സൗദി അറേബ്യ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ ശാലക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയുടെ തിരിച്ചടി.
16 ഡ്രോണുകളും ഒരു മിസൈലുമാണ് അരാംകോയെ ലക്ഷ്യമാക്കി ഇന്നലെ എത്തിയത്. മിസൈല്‍ പതിച്ചതിന് പിന്നാലെ എണ്ണ സംഭരണശാലയില്‍ വന്‍ സ്‌ഫോടനം ഉണ്ടായി. രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചതായി സൗദി സ്ഥിരീകരിച്ചു.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. നിശ്ചയിച്ച പോലെ ഞായറാഴ്ച തന്നെ ഫോര്‍മുല വണ്‍ മത്സരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.
അരാംകോയിലെ രണ്ട് ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് ഹൂതികള്‍ വിക്ഷേപിച്ച ഏഴ് ഡ്രോണുകളും ഒരു മിസൈലും തകര്‍ത്തതായി സൗദി പ്രതിരോധ സേന അറിയിച്ചു. സൗദിയെ ലക്ഷ്യമാക്കി നേരത്തെയും ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇവ ചെറുക്കാന്‍ സൗദിക്ക് സാധിച്ചിരുന്നു.