സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ്

സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ്

വാഷിങ്ടൺ: വീണ്ടും ചുങ്ക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തി ഇരട്ടിയാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പിറ്റ്സ്ബർഗിനടുത്തുള്ള യുഎസ് സ്റ്റീലിന്റെ മോൺ വാലി വർക്ക്സ്-ഇർവിൻ പ്ലാന്റിൽ സംസാരിക്കുമ്പോഴാണ് സ്റ്റീൽ ഇറക്കുമതിയുടെ തീരുവ ഇരട്ടിയായി 50 ശതമാനമായി ഉയരുമെന്നും അലൂമിനിയത്തിനും സമാനമായ വർദ്ധനവ് ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപനം നടത്തിയത്. നടപടികൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ജനുവരിയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം യുഎസിൽ സ്റ്റീൽ വില 16 ശതമാനം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ വർഷം മാർച്ച് വരെ യുഎസ് സ്റ്റീലിന്റെ വില മെട്രിക് ടണ്ണിന് 984 ഡോളറായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം യൂറോപ്പിൽ 690 ഡോളറും ചൈനയിൽ 392 ഡോളറും ആയിരുന്നു. കാനഡ, ബ്രസീൽ, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ സ്റ്റീൽ ഇറക്കുമതി ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസ് സ്റ്റീൽ ഉൽപ്പാദനം കുറഞ്ഞുവരികയാണ്. യുഎസിൽ ഉപയോഗിക്കുന്ന മൊത്തം സ്റ്റീലിന്റെ ഏകദേശം നാലിലൊന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ട്രംപിന്റെ ആഗോള താരിഫുകളിൽ ചിലതിന്റെ നിയമസാധുതയെച്ചൊല്ലിയുള്ള കോടതി പോരാട്ടത്തിനിടയിലാണ് പുതിയ പ്രഖ്യാപനം.

ജപ്പാനിലെ നിപ്പോൺ സ്റ്റീൽ അമേരിക്കൻ സ്റ്റീൽ നിർമ്മാതാക്കളായ ഈ ഐക്കണിക് സ്റ്റീൽ നിർമ്മാതാക്കളിൽ നിക്ഷേപം നടത്തുന്ന കരാറിനെക്കുറിച്ചും ട്രംപ് പരാമർശിച്ചു. കരാറിന് ഇനിയും അംഗീകാരം നൽകേണ്ടതുണ്ട് എന്നാണ് ട്രംപ് അറിയിച്ചത്. പിറ്റ്സ്ബർഗ് ആസ്ഥാനമായുള്ള യുഎസ് സ്റ്റീൽ വാങ്ങാനുള്ള ജാപ്പനീസ് സ്റ്റീൽ നിർമ്മാതാവിന്റെ ശ്രമം തടയുമെന്ന് ട്രംപ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.

Share Email
Top