ന്യൂഡല്‍ഹി: പഹല്‍ഗാമിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമത്തിനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റിയാണ് മോദി ആദരം അറിയിച്ചത്.
എക്സ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലെ പ്രൊഫൈല്‍ ചിത്രമാണ് മാറ്റിയത്. കറുത്ത പശ്ചാത്തലത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് പുതിയ പ്രൊഫൈല്‍ ആക്കി ഉള്‍പ്പെടുത്തിയിട്ടുള്ളത്.2025 മെയ് ഏഴു മുതല്‍ 10 വരെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് മൂന്ന് പ്രതിരോധ സേനകളും ബിഎസ്എഫും സംയുക്തമായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നടത്തിയ നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഈ സൈനിക നടപടി. ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.
First anniversary of Operation Sindoor: Prime Minister pays tribute















