ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ യാഥാർത്ഥ്യമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ. സംഘർഷകാലത്ത് തങ്ങളെ സഹായിക്കാത്തതിന്‍റെ പേരിൽ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് ഇറാന്‍റെ തീരുമാനം. ഇറാൻ പാർലമെന്‍റ് നേരത്തെ തന്നെ പാസാക്കിയ തീരുമാനം ഗാർഡിയൻ കൗൺസിൽ കൂടി അംഗീകരിച്ചതോടെ ഐ എ ഇ എയുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കൽ യാഥാർത്ഥ്യമാകുമായാണ്. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.
സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി ഇറാനിൽ പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും ഇറാൻ തീരുമാനിച്ചതായാണ് വിവരം. ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുമ്പാണ് ഐ എ ഇ എയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് ശുപാർശയും നൽകി. ഈ സാഹചര്യത്തിലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലും തീരുമാനം ശരിവച്ചത്. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ വൈകാതെ തന്നെ ഇത് നിയമമാകും.
Iran says it will sever ties with International Atomic Energy Agency