യുദ്ധം: ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നു, റഷ്യയുടെ കച്ചവടം 92 ശതമാനം ഇടിഞ്ഞു

യുദ്ധം: ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നു, റഷ്യയുടെ കച്ചവടം 92 ശതമാനം ഇടിഞ്ഞു

സ്റ്റോക്‌ഹോം: രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടയിലും ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം, യുദ്ധം മൂലം ആയുധ വ്യാപാര ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനവും ഇടിഞ്ഞതായും സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ( എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ലെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇസ്രയേല്‍ അവരുടെ ചരിത്രത്തിലേറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആയുധ വ്യാപാരത്തിലെ ഈ വര്‍ധനവ്. റിപ്പോര്‍ട്ടിലെ കാലയളവില്‍ ഗാസയില്‍ ഹമാസുമായും പിന്നാലെ സിറിയ, ലെബനന്‍, യെമെന്‍ തുടങ്ങിയ രാജ്യങ്ങളിലെ സായുധ സംഘങ്ങളുമായും ഇസ്രയേല്‍ ഏറ്റുമുട്ടി. ഇറാനുമായി നേരിട്ട് മിസൈല്‍ ആക്രമണങ്ങളുമുണ്ടായി. എന്നിട്ടും ഇസ്രയേലിന്റെ ആയുധ കച്ചവടത്തില്‍ കുറവ് വന്നില്ല.

2024-ല്‍ 1400 കോടി ഡോളറിന്റെ ആയുധ കച്ചവടമാണ് ഇസ്രയേല്‍ നടത്തിയത്. 2023-ലെ 1300 കോടി ഡോളറില്‍ നിന്നാണ് ഈ വര്‍ധന. ഒറ്റവര്‍ഷം കൊണ്ട് യുദ്ധകാലത്ത് 13 ശതമാനമാണ് ഇസ്രയേലിന്റെ ആയുധവ്യാപാരം വര്‍ധിച്ചത്. ഗാസയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഇസ്രയേലിനെതിരെ എതിര്‍പ്പ് ശക്തമായിരിക്കുന്ന സമയവുമായിരുന്നു ഇത്.

2024-ല്‍ ഇസ്രയേലില്‍നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിയത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇസ്രയേലിന്റെ ആയുധ വില്‍പ്പനയില്‍ 54 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളുമായാണ്. 2023-ല്‍ ഇത് 35 ശതമാനമായിരുന്നു. ഗാസയിലെ സൈനിക നടപടിക്കെതിരെ ഇസ്രയേലിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ തന്നെയാണ് അവര്‍ അതേ രാജ്യത്തിന്റെ പക്കല്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതെന്നതാണ് വിരോധാഭാസം. ഇതില്‍ യുകെ, ജര്‍മനി എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിച്ചുകൂട്ടിയത്.

യൂറോപ്പ് കഴിഞ്ഞാല്‍ ഏഷ്യാ പസഫിക് മേഖലയാണ് ഇസ്രയേലിന്റെ ആയുധകച്ചവടത്തിന്റെ മറ്റൊരു വിപണി. ഇന്ത്യ ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്. 2024-ലെ ആയുധ വ്യാപാരത്തിലെ 13 ശതമാനം ഇന്ത്യയുമായായിരുന്നു. ഫിലിപ്പിന്‍സ് 27 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

അതേസമയം, ഇസ്രേയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ആയുധ വ്യാപാരത്തിലും ഇക്കാലയളവില്‍ വര്‍ധനവ് ഉണ്ടായി. 2024-ലെ ആയുധവ്യാപാരത്തിന്റെ 12 ശതമാനം അറബ് രാജ്യങ്ങളുമയാണ്. 2023-ലെ അബ്രഹാം കരാറിന് ശേഷമാണ് ഈ വളര്‍ച്ച. അതിന് മുമ്പ് മൂന്നു ശതമാനത്തിലും താഴെയായിരുന്നു അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ ആയുധ വ്യാപാരം. യുഎഇ, ബഹ്‌റെയ്ന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇസ്രയേല്‍ ആയുധങ്ങള്‍ വിറ്റത്. ഇത് ഏകദേശം 1800 കോടി ഡോളറിന്റെ വ്യാപാരമായിരുന്നു. വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഒമ്പത് ശതമാനവും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഒരു ശതമാനവുമായിരുന്നു ഇസ്രയേലിന്റെ ആയുധ വ്യാപാരം.

യുദ്ധകാലത്ത് ഇസ്രയേലിന്റെ ആയുധ വ്യാപാരം വര്‍ധിച്ചപ്പോള്‍ നേരെ തിരിച്ചാണ് റഷ്യയ്ക്ക് സംഭവിച്ചത്. യുക്രൈനുമായി തുടരുന്ന യുദ്ധം റഷ്യയ്ക്ക് വലിയ നഷ്ടമാണ് ആയുധ കച്ചവടത്തിലുണ്ടാക്കിയത്. യുദ്ധം മൂലം വിതരണ ശൃഖല തടസ്സപ്പെട്ടതും ഉത്പാദനം യുദ്ധകേന്ദ്രീകൃതമായതും റഷ്യയ്ക്ക് തിരിച്ചടിയായി. ഇതോടെ റഷ്യയെ ആശ്രയിച്ചിരുന്ന ചില രാജ്യങ്ങള്‍ ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്നാണ് വിലയിരുത്തല്‍. യുദ്ധവും ഉപരോധങ്ങളും നിമിത്തം റഷ്യയ്ക്ക് പല രാജ്യങ്ങളിലേക്കും ആയുധ വ്യാപാരം നടത്താനായില്ല. ഈ വിടവിലേക്ക് ഇസ്രയേല്‍ കടന്നുകയറുകയായിരുന്നു.

Israel’s arms trade soars, Russia’s trade falls 92 percent

Share Email
Top