പോരാടാൻ ‘ദളപതി’; അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയിയെ പ്രഖ്യാപിച്ച് ടി.വി.കെ

പോരാടാൻ ‘ദളപതി’; അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയിയെ പ്രഖ്യാപിച്ച് ടി.വി.കെ

ചെന്നൈ: 2026-ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി അധ്യക്ഷൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചെന്നൈയിൽ നടന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പ്രത്യയശാസ്ത്രപരമായ എതിരാളികളുമായോ വിഭാഗീയ ശക്തികളുമായോ നേരിട്ടോ അല്ലാതെയോ സഖ്യം പാടില്ലെന്ന് യോഗം പ്രമേയം പാസാക്കി.

‘ദളപതി’ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചലനങ്ങൾ പുതിയ തലത്തിലെത്തിയിരുന്നു. ഡി.എം.കെ.യ്ക്ക് ശക്തമായൊരു എതിരാളി വരില്ലെന്ന ആത്മവിശ്വാസത്തിലിരിക്കെയാണ് സിനിമാ സ്റ്റൈലിൽ വിജയിയുടെ എൻട്രി. ഇത് ഡി.എം.കെ. ക്യാമ്പിൽ നേരിയ ആശങ്കയുണ്ടാക്കിയതായും വിലയിരുത്തപ്പെടുന്നു.

രാഷ്ട്രീയത്തിൽ തനിക്കൊരു സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ, വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2026-ൽ പുറത്തിറങ്ങുന്ന ‘ജനനായകൻ’ എന്ന സിനിമയായിരിക്കും ജോസഫ് വിജയ് ചന്ദ്രശേഖറിൻ്റെ അവസാന ചിത്രം. ഇതിനിടയിലാണ് ടി.വി.കെ.യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ വാർത്ത തമിഴ്‌നാടിനെ ആവേശത്തിലാക്കിയത്.

ടി.വി.കെ.യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യമുണ്ടാക്കുകയുള്ളൂ എന്ന് യോഗത്തിൽ പ്രഖ്യാപനമുണ്ടായി. അടുത്ത മാസം ഓഗസ്റ്റിൽ ടി.വി.കെ.യുടെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയിയുടെ സംസ്ഥാന പര്യടനവും ഉണ്ടാകുമെന്ന് യോഗം അറിയിച്ചു.

ഡി.എം.കെ., ബി.ജെ.പി. സഖ്യസാധ്യത തള്ളി വിജയ്

ബി.ജെ.പി., ഡി.എം.കെ. സഖ്യങ്ങളോടില്ലെന്ന് വിജയ് വ്യക്തമാക്കി. ബി.ജെ.പി. മതപരമായി ജനങ്ങളെ ഭിജിപ്പിക്കുന്ന പാർട്ടിയാണെന്നും അവരുടെ നീക്കങ്ങൾ തമിഴ്‌നാട്ടിൽ ഫലം കാണില്ലെന്നും വിജയ് തുറന്നടിച്ചു. “ഇത് ഡി.എം.കെ.യോ എ.ഐ.എ.ഡി.എം.കെ.യോ അല്ല, ഇത് ടി.വി.കെ.യാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി.യുമായോ ഡി.എം.കെ.യുമായോ സമരസപ്പെടില്ലെന്നും വിജയ് ആവർത്തിച്ചു.

പന്തൂർ വിമാനത്താവള വിഷയത്തിൽ സർക്കാരിന് വെല്ലുവിളി

പന്തൂർ വിമാനത്താവള വിഷയത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ സമരം ചെയ്യുമെന്ന് വിജയ് വെല്ലുവിളിച്ചു. “15,000 ജനങ്ങളുടെ പ്രശ്നം സർക്കാരിന് ചെറുതാണോ?” അദ്ദേഹം ചോദിച്ചു.

വിഴുപ്പുറത്ത് ആദ്യ സമ്മേളനം; ഡി.എം.കെ. സർക്കാരിനെ വിമർശിച്ച് വിജയ്

വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്. അന്ന് വിജയ് പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുകയും ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തുകയും ചെയ്തിരുന്നു. നേരത്തെ തിരുച്ചിറപ്പള്ളിയിൽ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചത്.

അതിനിടെ, ഡി.എം.കെ. സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ടി.വി.കെ. നേതാവ് വിജയ് രംഗത്തെത്തിയിരുന്നു. പോലീസ് ഡി.എം.കെ.യുടെ കയ്യിലെ പാവയായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. ചെന്നൈ വ്യാസർപാടിയിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് ടി.വി.കെ. പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതിക്ക് പിന്നാലെയായിരുന്നു ഇത്.

സ്ത്രീകളോടക്കം അപമര്യാദയായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ടി.വി.കെ. പ്രസിഡൻ്റ് ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ ഭാരവാഹിയായ ഗംഗാവതിയുടെ വയറ്റിൽ ഇടിക്കുകയും തമിഴ് സെൽവിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്ന് ടി.വി.കെ. ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയായിരുന്നു വിജയിയുടെ വിമർശനം.

‘Dalapathy’ to fight; TVK announces winner as CM candidate in next year’s assembly elections

Share Email
Top