അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: കഴിഞ്ഞ ആറ് വർഷമായി ഹൂസ്റ്റണിലെ നൂറിലധികം ആളുകളെ കളരി പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന ദിവാൻ കളരി ആൻഡ് മാർഷ്യൽ ആർട് അക്കാദമി അവരുടെ ആദ്യത്തെ കളരിപ്പയറ്റ് ഷോയുമായി എത്തുകയാണ്.
സ്റ്റാഫോർഡ് സിവിക് സെന്ററിൽ ഒക്ടോബർ 5 നാണ് ഷോ അരങ്ങേറുക. കഴിഞ്ഞ ദിവസം മിസോറി സിറ്റിയിലെ അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലീ മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ എന്നിവർ ഒരുമിച്ച് പരിപാടിയുടെ മുഖ്യ സ്പോൺസർ ഷിജിമോൻ ജേക്കബിന് ആദ്യ ടിക്കറ്റ് നൽകി കിക്കോഫ് ചെയ്തു.

പരിപാടിയുടെ തുടക്കത്തിൽ മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ, സ്പോൺസർ ഷിജിമോൻ ജേക്കബ്, ജഗന്നാഥൻ ചിറയിൽ, ഇന്ദിര ജഗന്നാഥൻ, ദിവാൻ കളരി ഗുരുക്കൾ രാജുമോൻ നാരായണൻ, റെജി രാജുമോൻ എന്നിവർ ഭദ്രദീപം കൊളുത്തി. തുടർന്ന് കളരി വിദ്യാർഥിയും സ്പോണ്സറുമായ ഷിജോ ചാണ്ടപ്പിള്ള സ്വാഗതം ആശംസിച്ചു. അതിനു ശേഷം ദിവാൻ കളരിയുടെ സ്ഥാപകനും ഗുരുക്കളുമായ രാജുമോൻ നാരായണൻ കളരിയുടെ സ്ഥാപനവും ഉദ്യേശ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു.

നാല്പത്തിഒന്ന് വര്ഷങ്ങള്ക്കു മുൻപ് കുട്ടനാട്ടിലെ രാമങ്കരിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ രാജുമോൻ നാരായണൻ ചെറുപ്പത്തിൽ തന്നെ കളരി പരിശീലനം പൂർത്തിയാക്കിയിരുന്നു.
ഒപ്പം കരാട്ടെയിലും പ്രാവീണ്യം നേടിയ അദ്ദേഹം ബ്ലാക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഒരു നല്ല ഗായകനും അഭിനേതാവുമായ രാജുമോൻ 1982 ലെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ആറുവർഷം മുൻപാണ് മിസോറി സിറ്റിയിൽ രാജുമോൻ ദിവാൻ കളരി സ്ഥാപിക്കുന്നത്.
കേരളത്തിന്റെ തനതു ആയോധനകലയായ കളരി ഒരു യുദ്ധമുറയായാണ് പുരാതന കേരളത്തിൽ ഉപയോഗിച്ചിരുന്നതെങ്കിലും അത് ഇരുത്തം വന്ന ഒരു വ്യായാമമുറകൂടിയാണ്. ഒരുവ്യക്തിയുടെ ശാരീരികവും മാനസികവും ആദ്ധ്യാൽമികവുമായ വികാസമാണ് കളരി പരിശീലനം കൊണ്ട് സാധിക്കുന്നത് എന്ന് രാജുമോൻ ഓർമിപ്പിച്ചു. കളരി പരിശീലിക്കുന്ന ഒരാൾക്ക് മനശ്ശക്തി വികാസം, ഉറച്ച ആത്മവിശ്വാസം, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എല്ലാറ്റിലുമുപരി ധാര്മികതയിൽ ഉറച്ച അച്ചടക്കം ഇവ സ്വായത്തമാകുമെന്നു രാജുമോൻ വിശദീകരിച്ചു.
ദിവാൻ കളരിയിൽ അഞ്ചു വയസ്സ് മുതൽ അറുപതു വരെ പ്രായമുള്ളവർക്ക് പരിശീലനം നൽകുന്നുണ്ട് പറഞ്ഞു. കളരിപ്പയറ്റ്, കളരി നൃത്തം, പരിശീലനം ഇവ കോർത്തിണക്കിയ ഒരു ഷോയാണ് ഓതിരം 2025. അമേരിക്കയിൽ ആദ്യത്തെതെന്നു വിശേഷിപ്പിക്കാവുന്ന, കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓതിരം 2025 മെഗാ ഷോയ് ക്ക് എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു.
മേയർ റോബിൻ ഇലക്കാട്ട്, മേയർ കെൻ മാത്യു, കൗണ്ടി കോർട് ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ, ഇൻഡ്യാ പ്രസ്ക്ലബ് നാഷണൽ വൈസ് പ്രസിഡണ്ട് അനിൽ ആറന്മുള, ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റും ‘നേർകാഴ്ച’ ന്യൂസ് ചീഫ് എഡിറ്ററുമായ സൈമൺ വാളാച്ചേരിൽ , ജീമോൻ റാന്നി, മാഗ് പ്രസിഡണ്ട് ജോസ് കെ ജോൺ, അനിൽ പ്ലാവോട്, എബ്രഹാം ഈപ്പൻ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. അനില സന്ദീപ് നന്ദി പ്രകടനം നടത്തി. അനിൽ ജനാർദ്ദനൻ എംസി ആയിരുന്നു.
Diwan Kalari joins forces with ‘Othiram 2025’ mega show: Kickoff a huge success