വാഷിംഗ്ടൺ: നിരവധി വ്യാപാര പങ്കാളികളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ പുതിയ വൻകിട തീരുവകൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കി.
തീരുവകൾ അമേരിക്കയെ വീണ്ടും മഹത്തരവും സമ്പന്നവുമാക്കുന്നു. പതിറ്റാണ്ടുകളായി യുഎസ്എയ്‌ക്കെതിരെ അവ വിജയകരമായി ഉപയോഗിക്കപ്പെട്ടു. ഒപ്പം, തികച്ചും മന്ദബുദ്ധികളും ദയനീയരും വക്രബുദ്ധികളുമായ രാഷ്ട്രീയക്കാരുമായി ചേർന്ന്, നമ്മുടെ രാജ്യത്തിന്റെ ഭാവിക്കും നിലനിൽപ്പിനും പോലും അത് വിനാശകരമായ സ്വാധീനമാണ് ചെലുത്തിയിരുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
“ഇപ്പോൾ സ്ഥിതിഗതികൾ പൂർണ്ണമായും മാറിമറിഞ്ഞു, തനിക്കെതിരെ ഉപയോഗിച്ച ഈ തീരുവകളുടെ ആക്രമണത്തെ അമേരിക്ക വിജയകരമായി ചെറുത്തു. ഒരു വർഷം മുമ്പ് അമേരിക്ക ഒരു മൃതരാജ്യമായിരുന്നു, ഇപ്പോൾ ലോകത്തിലെ ‘ഏറ്റവും ചൂടേറിയ’ രാജ്യമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ! എന്നും ട്രംപ് കുറിച്ചു.
ദക്ഷിണ കൊറിയയുമായി പുതിയ വ്യാപാര കരാറിൽ പ്രസിഡന്‍റ് ബുധനാഴ്ച ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം ആ രാജ്യത്തുനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം തീരുവയാണ് ഏർപ്പെടുത്തുക. കൂടാതെ, ദീർഘകാലമായി കാത്തിരുന്ന ജപ്പാനുമായുള്ള വ്യാപാര കരാർ ചൊവ്വാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കാനഡ, തായ്‌വാൻ എന്നിവയുൾപ്പെടെ അമേരിക്കയുടെ ചില വലിയ വ്യാപാര പങ്കാളികൾ ഇതുവരെ വ്യാപാര കരാറുകളിൽ എത്തിയിട്ടില്ല.