മോദിയുടെ സൗഹൃദത്തിന്‍റെ വില രാജ്യം ഇപ്പോൾ നൽകുന്നു; ട്രംപ് താരിഫിൽ ബിജെപി സര്‍ക്കാരിനെതിരെ കോൺഗ്രസ്

മോദിയുടെ സൗഹൃദത്തിന്‍റെ വില രാജ്യം ഇപ്പോൾ നൽകുന്നു; ട്രംപ് താരിഫിൽ ബിജെപി സര്‍ക്കാരിനെതിരെ കോൺഗ്രസ്

ഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ചുമത്തിയതിനെതിരെ കോൺഗ്രസ് ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. എക്സിലെ ഒരു പോസ്റ്റിൽ കോൺഗ്രസ് പാർട്ടി ഇങ്ങനെ കുറിച്ചു, “നരേന്ദ്ര മോദിയുടെ സൗഹൃദത്തിന്‍റെ വില രാജ്യം ഇപ്പോൾ നൽകുകയാണെന്ന് കോൺഗ്രസ് തുറന്നടിച്ചു. 2019 സെപ്റ്റംബറിൽ ടെക്സാസിൽ നടന്ന “ഹൗഡി, മോദി” പരിപാടിയെ പരാമർശിച്ച്, ട്രംപിന് വേണ്ടി പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് കുറ്റപ്പെടുത്തി.

“ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം താരിഫും പിഴയും ചുമത്തി. നരേന്ദ്ര മോദിയുടെ ‘സൗഹൃദത്തിന്‍റെ’ വില രാജ്യം ഇപ്പോൾ നൽകുകയാണ്. മോദി ട്രംപിന് വേണ്ടി പ്രചാരണം നടത്തി, ആവേശത്തോടെ കെട്ടിപ്പിടിച്ചു, ഫോട്ടോകൾക്ക് പോസ് ചെയ്തു, സോഷ്യൽ മീഡിയയിൽ ഇത് ട്രെൻഡ് ആക്കി. ഒടുവിൽ, ട്രംപ് ഇന്ത്യയിൽ താരിഫ് ഏർപ്പെടുത്തി. ഇന്ത്യയുടെ വിദേശനയം പൂർണ്ണമായും പരാജയപ്പെട്ടു,” കോൺഗ്രസ് വിമര്‍ശിച്ചു

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവയാണ് അമേരിക്ക ചുമത്തിയത്. റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയും ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് മുമ്പ് അമേരിക്കയുമായി പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കിയില്ലെങ്കിൽ കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നടപടി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും രൂക്ഷമായി വിമർശിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ റഷ്യയുമായി ഇന്ത്യ നടത്തുന്ന വ്യാപാരം നല്ലതല്ലെന്നും ട്രംപ് തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.

Share Email
LATEST
Top