ചെന്നൈ : 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് താൻ മത്സരിക്കുമെന്ന് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ് പ്രഖ്യാപിച്ചു. മധുരയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.
സിംഹത്തെപ്പോലെ തന്റെ അതിർത്തി അടയാളപ്പെടുത്തുകയാണ് താനെന്ന് പറഞ്ഞ വിജയ്, ഭരണകക്ഷിയായ ഡി.എം.കെ.യെ രൂക്ഷമായി വിമർശിച്ചു. 2026-ലെ തിരഞ്ഞെടുപ്പ് ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യാണ് തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ശത്രുവെന്നും ഡി.എം.കെ.യാണ് രാഷ്ട്രീയപരമായ ശത്രുവെന്നും വിജയ് കൂട്ടിച്ചേർത്തു.
സ്വന്തം നിലയിൽ മത്സരിക്കുമെന്നും ആരുമായും സഖ്യമുണ്ടാക്കില്ലെന്നും വിജയ് വ്യക്തമാക്കി. കൂടാതെ, തൻ്റെ പാർട്ടി അധികാരത്തിൽ വന്നാൽ കച്ചത്തീവ് ദ്വീപ് തിരികെ പിടിക്കുമെന്നും നീറ്റ് പരീക്ഷ നിർത്തലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തമിഴക വെട്രി കഴകം (ടി.വി.കെ) സംസ്ഥാന സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിജയ് രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾ, സർക്കാർ ജീവനക്കാർ, മറ്റ് ജനവിഭാഗങ്ങൾ എന്നിവരെ വ്യാജ വാഗ്ദാനങ്ങൾ നൽകി സ്റ്റാലിൻ വഞ്ചിച്ചെന്ന് വിജയ് ആരോപിച്ചു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറി അധവ് അർജുനും സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അഴിമതിയും കുടുംബ ഭരണവുമാണ് ഡി.എം.കെ.യുടെ മുഖമുദ്രയെന്ന് അദ്ദേഹം ആരോപിച്ചു. സമ്മേളനം നടത്തുന്നത് തടസ്സപ്പെടുത്താൻ വാണിജ്യ നികുതി മന്ത്രി പി. മൂർത്തി ശ്രമിച്ചെന്നും അർജുൻ ആരോപിച്ചു.