വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് 35 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. നേരത്തെ 25 ശതമാനം ആയിരുന്ന തീരുവയാണ് യുഎസ് വർദ്ധിപ്പിച്ചത്.
കാനഡയുടെ തുടർച്ചയായ നിഷ്ക്രിയത്വത്തിന്റെയും പ്രതികാര നടപടികളുടെയും ഫലമാണ് ഈ തീരുവ വർദ്ധനയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഓഗസ്റ്റ് 1-ന് തീരുവ ഏർപ്പെടുത്താനുള്ള സമയപരിധിക്ക് മുമ്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബന്ധപ്പെട്ടെങ്കിലും, ഇരുവരും തമ്മിൽ സംഭാഷണങ്ങളൊന്നും നടന്നില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയ്ക്ക് മുമ്പ് യുഎസുമായി ഒരു കരാറിൽ ഏർപ്പെടാത്ത ഏതൊരു രാജ്യത്തിനും ഉയർന്ന തീരുവകൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയാണ് ലോകത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ രാജ്യം. ഞങ്ങൾക്ക് 40 ദശലക്ഷം ജനങ്ങളുണ്ടെന്ന് കാർണി ട്രംപിനെ ഓർമ്മിപ്പിച്ചു.