ബലൂചിസ്ഥാൻ: പാകിസ്ഥാനുമായി ചേർന്ന് വൻ എണ്ണ നിക്ഷേപം വികസിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര ഉടമ്പടിക്കെതിരെ ബലൂച് നേതാവ് മിർ യാർ ബലോച്ച് കടുത്ത വിമർശനവുമായി രംഗത്ത്. “ബലൂചിസ്ഥാൻ പാകിസ്ഥാന്റെതല്ല” എന്ന ഹാഷ്ടാഗോടുകൂടിയ പ്രസ്താവനയിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ബലൂചിസ്ഥാനിലെ എണ്ണ, ഗ്യാസ്, ചെമ്പ്, ലിഥിയം, യുറേനിയം, അപൂർവ ധാതുക്കൾ തുടങ്ങിയ പ്രകൃതിവിഭവങ്ങൾ പഞ്ചാബിൻ്റേയോ പാകിസ്ഥാൻ്റേയോ അല്ല, മറിച്ച് ബലൂച് ജനതയുടെ സ്വന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ജൂണിൽ പാകിസ്ഥാൻ ആർമി മേധാവി അസിം മുനീറും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ബലൂചിസ്ഥാനിലെ ധാതുവിഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, ബലൂചിസ്ഥാനിലെ അപൂർവ ധാതുക്കളുമായി ബന്ധപ്പെട്ട് ട്രംപുമായി ഒരു കരാറുണ്ടാക്കാനാണ് അസിം മുനീർ വാഷിംഗ്ടണിലേക്ക് പോയതെന്ന് പാകിസ്ഥാൻ ദേശീയ അസംബ്ലിയിലെ ഒരു നിയമനിർമ്മാതാവും പറഞ്ഞിരുന്നു.
ഈ നീക്കങ്ങളെല്ലാം ബലൂചിസ്ഥാന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമങ്ങളാണെന്നും, യു.എസ്.-പാകിസ്ഥാൻ വ്യാപാര ഉടമ്പടി തങ്ങളുടെ താല്പര്യങ്ങൾക്ക് എതിരാണെന്നും ബലൂച് ജനത പറയുന്നു.