സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന വാർത്തകൾക്കിടെ ടീമിന്റെ മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞു. പുതിയ ഐ.പി.എൽ സീസണിന് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൂടുതൽ വലിയൊരു ചുമതല വാഗ്ദാനം ചെയ്തിരുന്നെങ്കിലും ദ്രാവിഡ് അത് നിരസിച്ചതായും ക്ലബ് വ്യക്തമാക്കി.
“വർഷങ്ങളായി റോയൽസിനൊപ്പമുള്ള യാത്രയിൽ ദ്രാവിഡ് നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ നേതൃപാടവം ഒരു തലമുറയിലെ താരങ്ങളെ സ്വാധീനിക്കുകയും ടീമിനകത്ത് ശക്തമായ മൂല്യങ്ങൾ വളർത്തുകയും ഫ്രാഞ്ചൈസിയുടെ സംസ്കാരത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തു. നൽകിയ സേവനങ്ങൾക്ക് ഫ്രാഞ്ചൈസിയും താരങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും ഹൃദയപൂർവ്വം നന്ദി പറയുന്നു” – രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ പറഞ്ഞു.
ടി20 ലോകകപ്പ് ജയം കഴിഞ്ഞാണ് ദ്രാവിഡ് റോയൽസിന്റെ പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച റോയൽസ് 10 മത്സരങ്ങളിൽ വെറും 4ൽ മാത്രമാണ് ജയിച്ചത്. ഇന്ത്യൻ ടീമിന്റെ പരിശീലകനായുള്ള മൂന്ന് വർഷത്തെ സേവനത്തിന് ശേഷം 2023 സെപ്റ്റംബറിൽ ദ്രാവിഡ് രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു. 2011-ൽ താരമായി ടീമിൽ ചേർന്ന അദ്ദേഹം 2012, 2013 ഐ.പി.എൽ സീസണുകളിൽ ക്യാപ്റ്റനായിരുന്നു. തുടർന്ന് രണ്ട് സീസണുകൾ ടീമിന്റെ മെന്ററായി പ്രവർത്തിച്ചു.
കഴിഞ്ഞ സീസണിലെ ലേല തന്ത്രങ്ങളിലും നിലനിർത്തേണ്ട താരങ്ങളെ തീരുമാനിക്കുന്നതിലും ദ്രാവിഡിന് വലിയ പങ്കുണ്ടായിരുന്നു. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്മെയർ എന്നിവരെ ഫ്രാഞ്ചൈസി നിലനിർത്തി. പ്രധാന താരങ്ങൾക്ക് പരിക്കേറ്റതും അവസാന ഓവർ ഫിനിഷുകളിൽ നിരവധി തോൽവികൾ ഏറ്റുവാങ്ങിയതുമാണ് മോശം പ്രകടനത്തിന് കാരണമായത്.
2026 ഐ.പി.എൽ സീസണിന് മുന്നോടിയായി രാജിവെക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ദ്രാവിഡ്. ഇതിനുമുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും സ്ഥാനമൊഴിഞ്ഞിരുന്നു.
Before Sanju, Rahul Dravid Steps Down as Rajasthan Royals Head Coach













