സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യുഎസ് കണ്ടില്ലെന്ന് നടിക്കരുത്; അമേരിക്കൻ നിലപാടിൽ ഞെട്ടലെന്ന് ചൈന, കടുത്ത വിമർശനം

സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യുഎസ് കണ്ടില്ലെന്ന് നടിക്കരുത്; അമേരിക്കൻ നിലപാടിൽ ഞെട്ടലെന്ന് ചൈന, കടുത്ത വിമർശനം

ബീജിംഗ്: പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെയും (പി.എൽ.ഒ.) പലസ്തീൻ അതോറിറ്റിയിലെയും (പി.എ.) അംഗങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ രൂക്ഷവിമർശനവുമായി ചൈന. തങ്ങളുടെ ചില കരാറുകൾ പാലിക്കാത്തതിനാലാണ് ഈ ഉപരോധം എന്ന് യുഎസ് വിശദീകരിക്കുന്നു.

“പലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്കും പി.എൽ.ഒ. അംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള യു.എസിൻ്റെ തീരുമാനത്തിൽ ചൈന ഞെട്ടൽ രേഖപ്പെടുത്തുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വെള്ളിയാഴ്ച കുറിച്ചു. സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യുഎസ് കണ്ടില്ലെന്ന് നടിക്കുന്നത് നിരാശാജനകവും മനസ്സിലാക്കാൻ പ്രയാസമുള്ളതുമാണെന്നും പ്രസ്താവനയിൽ പറയുന്നു.

വ്യാഴാഴ്ചയാണ് പലസ്തീൻ ഉദ്യോഗസ്ഥർക്ക് യുഎസ് വിസ നിഷേധിച്ചുകൊണ്ടുള്ള പ്രസ്താവന അമേരിക്ക പുറത്തുവിട്ടത്. ഗാസയിലെ യുദ്ധം തുടരുന്നതിനിടയിൽ, ഇസ്രായേൽ നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള നീക്കമായാണ് ഈ നടപടിയെ പലരും കാണുന്നത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേൽ സന്ദർശിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം വന്നത്. കൂടാതെ, വെടിനിർത്തലിനായി ദോഹയിൽ നടന്ന നയതന്ത്ര ചർച്ചകൾ നിർത്തിവെച്ച സാഹചര്യത്തിലും ഈ നടപടി വൻ വിമർശനങ്ങൾക്കിടയാക്കുന്നു.

Share Email
Top