വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഡോണാൾഡ് ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ട്രംപിന്റെ മുൻ പ്രസിഡൻഷ്യൽ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ. യുക്രൈന്റെ ഒരു പ്രദേശവും റഷ്യക്ക് വിട്ടുകൊടുക്കാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ മാത്രമായിരിക്കും ഈ നീക്കം. ന്യൂയോർക്ക് ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
‘റേജിംഗ് മോഡറേറ്റ്സ്’ എന്ന പോഡ്കാസ്റ്റിലാണ് ഹിലരി ക്ലിന്റൺ ഈ പ്രസ്താവന നടത്തിയത്. അഭിമുഖക്കാരിയായ ജെസ്സിക്ക ടാർലോവിനോട് അവർ ഇങ്ങനെ പറഞ്ഞു: “സത്യസന്ധമായി പറഞ്ഞാൽ, ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ആക്രമണകാരിക്ക് ഒരു പ്രദേശവും വിട്ടുകൊടുക്കാതെ യുക്രൈനെ സംരക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചാൽ, പുടിനെതിരേ ശക്തമായി നിലകൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ഞാൻ ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് ശുപാർശ ചെയ്യും. അത് ഇതുവരെ നമ്മൾ കണ്ടിട്ടില്ല, പക്ഷേ ഇത് അതിനുള്ള അവസരമായിരിക്കാം.”
“പുടിനോട് കീഴടങ്ങാൻ അനുവദിക്കാതിരിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം,” അവർ കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നിർണ്ണായക ചർച്ചകൾക്കായി ട്രംപ് അലാസ്കയിലേക്ക് പോവുന്ന സമയത്താണ് ഹിലരിയുടെ ഈ പ്രസ്താവന. മൂന്ന് വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം. പുടിൻ ഒരു കരാറിന് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായും, ചർച്ച പരാജയപ്പെടാനുള്ള സാധ്യത 25 ശതമാനം മാത്രമാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.