അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഓഗസ്റ്റ് 25 മുതൽ സർക്കാർ താൽക്കാലികമായി നിർത്തിവച്ചതായി തപാൽ വകുപ്പ് അറിയിച്ചു. യുഎസ് കസ്റ്റംസ് നിയമങ്ങളിൽ വന്ന മാറ്റങ്ങളെത്തുടർന്നാണ് തപാൽ സേവനങ്ങൾ തൽക്കാലം നിർത്തിവച്ചതെന്ന് ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചു. പുതിയ നിയമം അനുസരിച്ച് ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ തപാൽ സാധനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ കസ്റ്റംസ് തീരുവ ബാധകമായിരിക്കും.
ഈ വർഷം ജൂലൈ 30ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 ന് പിന്നാലെയാണ് ഈ തീരുമാനം. 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നൽകിയിരുന്ന ഇളവ് ഈ ഉത്തരവിലൂടെ യുഎസ് പിൻവലിച്ചിരുന്നു. ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയക്കുന്ന എല്ലാ സാധനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ തന്നെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് തീരുവ പ്രകാരമുള്ള കസ്റ്റംസ് തീരുവ ബാധകമായിരിക്കും. 100 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് പുതിയ തീരുവയിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്. ഈ ഉത്തരവ് പ്രകാരം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച കാരിയറുകൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും ചില പുതിയ ഉത്തരവാദിത്തങ്ങളുണ്ട്.
എന്നിരുന്നാലും100 ഡോളർ വരെ മൂല്യമുള്ള കത്തുകളും രേഖകളും സമ്മാനങ്ങളും ഇപ്പോഴും തപാലിൽ അയയ്ക്കാൻ സാധിക്കും.ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടതില്ല. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിച്ചാൽ ഉടൻ തന്നെ സാധാരണ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.അസൗകര്യത്തിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിക്കുന്നതായും വകുപ്പ് വ്യക്തമാക്കി.
യു എസ് പ്രസിഡന്റ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ നടപടിക്ക് പിന്നാലെയാണ് വ്യാപാര മേഖലകളിൽ തർക്കങ്ങൾ ഉടലെടുത്തത്. ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങിയതിന് അധികമായി 25 ശതമാനം പിഴയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയിരുന്നു.