വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ വൻ തീരുവകൾ തന്‍റെ അധികാരങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കാനാകുമോ എന്ന് യുഎസ് അപ്പീൽ കോടതി ജഡ്ജിമാർ ജൂലൈ 31-ന് രൂക്ഷമായി ചോദ്യം ചെയ്തു. ഈ വിഷയത്തിൽ ട്രംപ് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ഒരു കീഴ്ക്കോടതി നേരത്തെ വിധിച്ചിരുന്നു.
വാഷിംഗ്ടണിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടാണ് ട്രംപ് ഏപ്രിലിൽ വിവിധ യുഎസ് വ്യാപാര പങ്കാളികളിൽ ഏർപ്പെടുത്തിയ പരസ്പര തീരുവകളുടെ നിയമസാധുത പരിഗണിക്കുന്നത്. കൂടാതെ, ഫെബ്രുവരിയിൽ ചൈന, കാനഡ, മെക്സിക്കോ എന്നിവയ്‌ക്കെതിരെ ചുമത്തിയ തീരുവകളും കോടതിയുടെ പരിഗണനയിലുണ്ട്.
അഞ്ച് ചെറുകിട യുഎസ് ബിസിനസുകളും 12 ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള യുഎസ് സംസ്ഥാനങ്ങളും നൽകിയ രണ്ട് കേസുകളിൽ വാദം കേൾക്കുന്നതിനിടെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (IEEPA) എങ്ങനെയാണ് ട്രംപിന് തീരുവകൾ ചുമത്താൻ അധികാരം നൽകിയതെന്ന് വിശദീകരിക്കാൻ ജഡ്ജിമാർ സർക്കാർ അഭിഭാഷകൻ ബ്രെറ്റ് ഷുമേറ്റിനോട് ആവശ്യപ്പെട്ടു. ശത്രുക്കൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനോ അവരുടെ ആസ്തികൾ മരവിപ്പിക്കുന്നതിനോ ചരിത്രപരമായി ഉപയോഗിച്ചിരുന്ന 1977-ലെ നിയമമാണ് IEEPA.