ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഹെൽത്തി സിറ്റി പട്ടികയിൽ വീണ്ടും ഇടംപിടിച്ച് സൗദി അറേബ്യയിലെ വിശുദ്ധനഗരമായ മദീന. ആരോഗ്യരംഗത്ത് പ്രകടിപ്പിച്ച മികവിന് അംഗീകാരം നൽകിയതാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച നടന്ന ചടങ്ങിൽ മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ, സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജലിൽ നിന്നും അംഗീകാര പത്രം ഏറ്റുവാങ്ങുകയായിരുന്നു.
മധ്യപൂർവേഷ്യയിൽ ജിദ്ദയ്ക്ക് ശേഷം ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടാമത്തെ വലിയ ഹെൽത്തി സിറ്റിയായിട്ടാണ് മദീന ഉയർന്നത്. കാൽനട സൗഹൃദ സൗകര്യങ്ങൾ, പാർക്കുകൾ, ആരോഗ്യ സേവന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ് സ്ഥാപനങ്ങൾ എന്നിവയുടെ മികവാണ് നഗരത്തിന് അംഗീകാരം നേടാൻ വഴിവെച്ചത്.
ഡബ്ല്യു.എച്ച്.ഒയുടെ 80 ലധികം മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് മദീന പട്ടികയിൽ ഇടം നേടിയതെന്ന് അധികൃതർ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് മദീനക്ക് ഈ അംഗീകാരം ലഭിക്കുന്നത്. 2019ൽ ആദ്യമായി ഹെൽത്തി സിറ്റി അംഗീകാരം നേടിയിരുന്നു.
മദീനയ്ക്കൊപ്പം ത്വാഇഫ്, തബുക്ക്, ഉനൈസ, ജലാജിൽ, അൽ മൻദഖ്, അൽ ജുമും ഉൾപ്പെടെ മറ്റ് 14 സൗദി നഗരങ്ങൾക്കും ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അംഗീകാരം ലഭിച്ചു.
Madinah Once Again Recognized as a Healthy City; Receives WHO Certification