തീരുവ തര്‍ക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്ക സന്ദര്‍ശിച്ചേക്കും

തീരുവ തര്‍ക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്ക സന്ദര്‍ശിച്ചേക്കും

ന്യൂയോര്‍ക്ക്: ഇന്ത്യയും അമേരിക്കയും തമ്മില്‍ തീരുവ തര്‍ക്കം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കാന്‍ സാധ്യത. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കുന്നതിനായാവും മോദി യുഎസില്‍ എത്താന്‍ സാധ്യതയുള്ളതെന്നാണ് സൂചന. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി മോദി യുഎസില്‍ എത്തിയാല്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ചയുണ്ടാവും. തിരിച്ചടി തീരുവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ ചര്‍ച്ച നടത്തിയേക്കും.

സെപ്റ്റംബര്‍ 23-ന് ആരംഭിക്കുന്ന യുഎന്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ലോകത്തിലെ വിവിധ രാഷ്ട്രത്തലവന്‍മാര്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ട്രംപ് ആദ്യവട്ടം പ്രസിഡന്റായിരുന്നപ്പോള്‍ മോദിയുമായി വളരെ മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം വട്ടത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നടപ്പാക്കിയ തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ അകല്‍ച്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ പ്രഖ്യാപനം നടത്തിയ ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

ഇന്ത്യയുടേയും റഷ്യയുടേയും സമ്പത് വ്യവസ്ഥകളെ നിര്‍ജീവ സമ്പത് വ്യവസ്ഥകളെന്നു പരിഹസിക്കുകയും ചെയ്തിരുന്നു. തീരുവ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ട്രംപിന് പുറമേ, യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള വിദേശ നേതാക്കളുമായും പ്രധാനമന്ത്രി മോദി ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

PM Modi likely to visit US next month, hold talks with Trump amid tariff row

Share Email
LATEST
Top