മോസ്കോ: യുക്രൈൻ വിഷയത്തിൽ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഫലപ്രദവും ക്രിയാത്മകവുമായ കൂടിക്കാഴ്ച നടത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം സംബന്ധിച്ച സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.
ഏകദേശം മൂന്ന് മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. യുക്രൈൻ സമാധാന കരാറിന് ഉടൻ തയ്യാറായില്ലെങ്കിൽ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ മാസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നിർണായക ചർച്ച നടന്നത്.
യുക്രൈൻ വിഷയത്തിൽ പുടിൻ അമേരിക്കക്ക് ചില സൂചനകൾ നൽകി. പ്രസിഡന്റ് ട്രംപിന്റെ ഭാഗത്തുനിന്നും സമാനമായ ചില സൂചനകൾ ലഭിച്ചുവെന്ന് ക്രെംലിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു.