ഫിഫ അറബ് കപ്പിന് വീണ്ടും ഖത്തർ ആതിഥേയത്വം വഹിക്കുന്നു

ഫിഫ അറബ് കപ്പിന് വീണ്ടും ഖത്തർ ആതിഥേയത്വം വഹിക്കുന്നു

ഫിഫ അറബ് കപ്പിന് രണ്ടാം തവണയും ഖത്തർ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഖത്തറിന്റെ ആതിഥ്യമര്യാദയും കായിക സൗകര്യങ്ങളും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്തിനോ പ്രതികരിച്ചു. “ഖത്തറിലെ സൗകര്യങ്ങളും എല്ലാ ടീമുകൾക്കും ഒരുക്കിയ സാഹചര്യങ്ങളും അതുല്യമാണ്. ആവേശകരമായ ടൂർണമെന്റിന് ഖത്തർ വീണ്ടും വേദിയാകുന്നു” – അദ്ദേഹം ഫിഫ.കോം വഴിയുള്ള പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന അറബ് കപ്പ്, 2022ലെ ലോകകപ്പിന് വേദിയായിരുന്ന ആറ് സ്റ്റേഡിയങ്ങളിലായിരിക്കും അരങ്ങേറുന്നത്. പൊതുഗതാഗതവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആരാധകർക്ക് സ്റ്റേഡിയങ്ങളിലെത്തുന്നത് ഏറെ സൗകര്യപ്രദമാണ്. ഫിഫയുമായി സഹകരിച്ച് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി (LOC) ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

“അറബ് ഫുട്ബോൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിക്കുന്ന അറബ് കപ്പിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ മേഖലയിലെ ആരാധകരുടെ ആവേശമാണ് അറബ് കപ്പിന്റെ ശക്തി” – ഖത്തറിലെ കായിക യുവജന മന്ത്രി, ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽത്താനി പറഞ്ഞു.

ഖത്തർ മുൻ വർഷങ്ങളിൽ വൻകിട കായികമേളകൾ സംഘടിപ്പിച്ചുകൊണ്ട് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അറബ് കപ്പ് രാജ്യത്തിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തിലെ മറ്റൊരു അധ്യായമാണ്. കൂടാതെ അറബ് ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന വേദിയുമാണിത്. “ആവേശകരമായ ഫുട്ബോൾ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും, പ്രത്യേകിച്ച് പ്രദേശത്തെ ആരാധകരെയും, ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ ആകെ 16 ടീമുകളാണ് പങ്കെടുക്കുന്നത്. നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. ആതിഥേയരായ ഖത്തറും നിലവിലെ ചാമ്പ്യന്മാരായ അൾജീരിയയും ഉൾപ്പെടെ ഒൻപത് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നവംബർ 25, 26 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ശേഷിക്കുന്ന ഏഴ് ടീമുകളെ തെരഞ്ഞെടുത്ത് അന്തിമ പട്ടിക രൂപീകരിക്കും.

Qatar to host the FIFA Arab Cup once again

Share Email
Top