വാഷിംഗ്ടൺ: പലസ്തീൻ പ്രസിഡന്റ് മഹ്മ്മൂദ് അബ്ബാസിന്റെ വിസ അമേരിക്ക റദ്ദാക്കി. അടുത്ത മാസം അമേരിക്കയിൽ നടക്കുന്ന യു എൻ വാർഷിക സമ്മേളനത്തിൽ മഹ്മൂദ് അബ്ബാസിന് ഇതോടെ പങ്കെടുക്കാനാവില്ല. അബ്ബാസിന് പുറമെ 80 പലസ്തീൻ ഉദ്യോഗസ്ഥർക്ക് അനുവദിച്ച വിസയും യു എസ് സ്റ്റേറ്റ് ഡിപാർട്‌മെൻ്റ് റദ്ദാക്കിയിട്ടുണ്ട്.
സെപ്തംബർ 23ന് ന്യൂയോർക്കിലാണ് യു എൻ ജനറൽ അസംബ്ലി നടക്കുന്നത്. യു എൻ സമ്മേളനത്തിൽ അബ്ബാസിൻ്റെ പ്രസംഗവും ഉണ്ടാകുമെന്നിരിക്കെയാണ് യു എസിൻ്റെ അപ്രതീക്ഷിത നീക്കം. ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, മാള്‍ഡ അടക്കമുള്ള രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നു. ഇതിൽ യു എസിന് അമർഷമുണ്ട്. ഗസ്സയിലെ സമാധാന നീക്കങ്ങൾക്ക് മഹമ്മൂദ് അബ്ബാസ് തുരങ്കം വെക്കുന്നെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ കുറ്റപ്പെടുത്തൽ.
പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി (പി എൽ ഒ) ബന്ധപ്പെട്ടവർ ഉൾപ്പെടെയുള്ള പലസ്തീൻ ഉദ്യോഗസ്ഥരുടെ പുതിയ വിസ അപേക്ഷകൾ നിരസിക്കാൻ റൂബിയോയാണ് ഉത്തരവിട്ടത്. ദേശ സുരക്ഷയടക്കമുള്ള വിഷയം മുൻനിർത്തിയാണ് നിരസിക്കലെന്ന് പറയുന്നു. യു എസ് നടപടിയെ പലസ്തീൻ നേതൃത്വം അപലപിച്ചു. യു എന്നുമായുള്ള കരാർ ലംഘനമാണ് യു എസ് നടത്തിയതെന്ന് ഫലസ്തീൻ നേതാക്കൾ കുറ്റപ്പെടുത്തി. വിഷയത്തിൽ യു എൻ വിശദീകരണം തേടിയിട്ടുണ്ട്. യു എസ് തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തു.